അഖില സുരേഷ്
തെലുങ്ക് സിനിമയിൽ ഇപ്പോഴും ആരാധകരുടെ എണ്ണത്തിൽ ഒരു കുറവുമില്ലാത്ത നടനാണ് നന്ദമൂരി ബാലകൃഷ്ണ. തന്റെ 108-ാം ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ബാലകൃഷ്ണ ഇപ്പോൾ. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്.
‘ഭഗവന്ത് കേസരി’ എന്നാണ് പുതിയ ബാലകൃഷ്ണാ ചിത്രത്തിന്റെ പേര്. എൻ.ബി.കെ 108 എന്ന പേരിലായിരുന്നു ചിത്രം ഇതുവരെ അറിയപ്പെട്ടിരുന്നത്. ഐ ഡോണ്ട് കെയർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ആയുധമേന്തി നിൽക്കുന്ന നായകനെയാണ് പുറത്തുവന്ന പോസ്റ്ററിൽ കാണാനാവുക.
അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭഗവന്ത് കേസരി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജൂൺ18-ന് ബാലകൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ച് മറ്റുചില സർപ്രൈസുകളും അണിയറക്കാർ ഒരുക്കിയിട്ടുണ്ട്.
കാജൽ അഗർവാളും ശ്രീലീലയുമാണ് നായികമാർ. ബോളിവുഡ് താരം അർജുൻ രാംപാൽ വില്ലനായെത്തുന്നു. അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഭഗവന്ത് കേസരി. തമൻ ആണ് സംഗീതസംവിധാനം. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിങ്ങും രാജീവൻ കലാസംവിധാനവും നിർവഹിക്കുന്നു. വി. വെങ്കട് ആണ് സംഘട്ടനസംവിധാനം. വിജയദശമി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.