ബ്രാംപ്ടൺ : ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന പരേഡ് നടത്തിയ ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ നടപടിയിൽ പ്രതിക്ഷേധം ശക്തമാകുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പ് ജൂൺ 4-നാണ് ബ്രാംപ്ടൺ നഗരത്തിൽ ഖാലിസ്ഥാൻ അനുകൂലികൾ പരേഡ് സംഘടിപ്പിച്ചത്.
കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അടിക്കടി വർദ്ധിക്കുന്നത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഫ്ലോട്ടിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മന്ത്രി എസ് ജയശങ്കർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ സംഭവത്തിൽ പ്രതിക്ഷേധിച്ച് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കനേഡിയൻ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബൽ അഫയേഴ്സ് കാനഡയ്ക്ക് അതൃപ്തി അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച സംഭവത്തിൽ അപലപിക്കുന്നതായി ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കേ അറിയിച്ചു. കാനഡയിൽ വിദ്വേഷത്തിനോ മഹത്വവൽക്കരണത്തിനോ സ്ഥാനമില്ലെന്നും ഇത്തരം വിദ്വേഷസംഭവങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1984-ൽ അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് ദാംദാമി തക്‌സൽ നേതാവും വിഘടനവാദിയുമായ ജർണയിൽ സിംഗ് ഭിന്ദ്രവാലെയും അദ്ദേഹത്തിന്റെ അനുയായികളെയും തുരത്താൻ നടത്തിയ ഒരു ഇന്ത്യൻ സായുധ സേനാ ഓപ്പറേഷനാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ. സൈനിക നടപടിക്ക് മാസങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധി അവരുടെ രണ്ട് സിഖ് അംഗരക്ഷകരാൽ വധിക്കപ്പെട്ടു.