ഒട്ടാവ : രാജ്യത്തെ മദ്യ നയങ്ങൾക്കായുള്ള പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പത്ത് പ്രൊവിൻസുകളും മൂന്ന് റ്റെറിട്ടറികളും പരാജയമെന്ന് കനേഡിയൻ ആൽക്കഹോൾ ഗൈഡ് ലൈൻ പ്രോജക്റ്റ് റിപ്പോർട്ട്.
രാജ്യത്ത് മദ്യപാനം മൂലമുള്ള ദോഷം കുറയ്ക്കാൻ പ്രവിശ്യാ, ഫെഡറൽ സർക്കാരുകൾക്ക് ഇനിയും കൂടുതൽ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ്സ്റ്റൻസ് യൂസ് റിസർച്ചിന്റെ (CISUR) നേതൃത്വത്തിലുള്ള കനേഡിയൻ ആൽക്കഹോൾ പോളിസി ഇവാലുവേഷൻ പ്രോജക്റ്റിന്റെ (CAPE) റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെഡറൽ, പ്രൊവിൻഷ്യൽ തലത്തിൽ മദ്യനയങ്ങൾ വിലയിരുത്തുകയും വിലനിർണ്ണയം, നികുതി, ആരോഗ്യം, സുരക്ഷാ സന്ദേശമയയ്‌ക്കൽ തുടങ്ങിയ പതിനൊന്ന് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ഓരോ പ്രൊവിൻസുകളെയും റ്റെറിട്ടറികളെയും വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഗവേഷകർ പറയുന്നു.

ഒരു അധികാരപരിധിക്ക് പോലും പാസിംഗ് ഗ്രേഡ് ലഭിച്ചിട്ടില്ലെന്ന് CAPE റിപ്പോർട്ട് കാർഡ് വ്യക്തമാക്കുന്നു. 32 ശതമാനം സ്കോർ നേടിയ നോർത്ത് വെസ്റ്റ് ടെറിട്ടറീസാണ് ഏറ്റവും കുറഞ്ഞ സ്കോർ നേടിയത്. 44 ശതമാനം സ്കോർ ചെയ്ത മാനിറ്റോബയാണ് ഏറ്റവും കൂടുതൽ സ്‌കോർ ചെയ്ത പ്രൊവിൻസ്. ഫെഡറൽ സർക്കാരും ഫെഡറൽ തലത്തിൽ അതിന്റെ ചട്ടങ്ങൾ എത്ര നന്നായി നടപ്പാക്കി എന്നതിനെ കുറിച്ചും വിലയിരുത്തി. അതിലൂടെ ഫെഡറൽ സർക്കാരിന് 37 ശതമാനം സ്കോർ ആണ് ലഭിച്ചത്.
ദേശീയ തലത്തിൽ, 2020-ൽ മദ്യപാനവും മറ്റുമായി ബന്ധപ്പെട്ട് 802,023 ആളുകളെ ആശുപത്രയിൽ പ്രവേശിപ്പിക്കുകയും 17,098 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.