ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം ദുബായിലും യൂറോപ്യൻ രാജ്യങ്ങളുടെ മേഖലാ സമ്മേളനം ലണ്ടനിലും നടന്നു. യുഎസ്എ, കാനഡ, നോർത്ത് അമേരിക്കൻ കരീബിയൻ മേഖല എന്നിവ ഉൾപ്പെടുന്ന അമേരിക്കൻ രാജ്യങ്ങളുടെ റീജിയണൽ കോൺഫറൻസ് ആണ് ന്യൂയോർക്ക് ന്യൂയോർക്കിൽ നടക്കുന്നത്.

പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദി കൂടിയാകും ഇത്. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചൂണ്ടിക്കാണിക്കാൻ അവസരം ഉണ്ടാകും.
ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി ടൈം സ്‌ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
മുഖ്യമന്ത്രിയായി ഏഴുവർഷം പൂർത്തിയാക്കിയ പിണറായി വിജയനെ ഈ വേദിയിൽ മലയാളി സമൂഹം ആദരിക്കും എന്ന് ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസ് സംഘാടക സമിതി പ്രസിഡന്റ് കെ.ജി. മന്മഥൻ നായർ പറഞ്ഞു.

നോർക്ക വെബ്‌സൈറ്റ് വഴിയും ലോക കേരള സഭ അമേരിക്കൻ റീജിയണൽ കോൺഫറൻസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ലോക കേരള സഭയുടെയും അമേരിക്കൻ മേഖലയിലെ നോർക്കയുടെയും പ്രവർത്തനം – വിപുലീകരണ സാധ്യതകളും വെല്ലുവിളികളും,നവകേരളം എങ്ങോട്ട് – അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും, മലയാള ഭാഷയും സംസ്കാരവും – ന്യൂ ജനറേഷൻ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാധ്യതകളും,മലയാളി അമേരിക്കൻ കുടിയേറ്റം – ഭാവിയും വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ ചർച്ച ഉണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയന് പുറമെ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡോ.വാസുകി ഐഎഎസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കൊളശേരി എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 200-ലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കും.
നോർക്ക ഡയറക്ടർ ഡോ: എം അനിരുദ്ധൻ, ലോക കേരള സഭാംഗം ഷിബു പിളള, ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, പ്രദീപ് ചേന്നംപള്ളിൽ,സിബി ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.