ന്യൂയോർക്ക് : ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയ്ക്കും സംഘത്തിനും സ്വീകരണം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരടങ്ങുന്ന സംഘത്തിന് ന്യൂയോർക്ക് ജോൺ. എഫ് കെന്നടി എയർപോർട്ടിൽ നോർക്കാ ഡയറക്ടർ എം. അനിരുദ്ധന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
ഫൊക്കാനാ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, സമ്മേളനത്തിൻ്റെ സംഘാടകനും ഭാരവാഹിയുമായ മന്മദൻ നായർ, ഫൊക്കാനാ മുൻ പ്രസിഡൻ്റ് പോൾ കറുകപ്പള്ളി, ഫോമാ മുൻ പ്രസിഡൻ്റ് ബേബി ഊരാളിൽ, കനേഡിയൻ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സോമോൻ സക്കറിയ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം ദുബായിലും യൂറോപ്യൻ രാജ്യങ്ങളുടെ മേഖലാ സമ്മേളനം ലണ്ടനിലും നടന്നു. യുഎസ്എ, കാനഡ, നോർത്ത് അമേരിക്കൻ കരീബിയൻ മേഖല എന്നിവ ഉൾപ്പെടുന്ന അമേരിക്കൻ രാജ്യങ്ങളുടെ റീജിയണൽ കോൺഫറൻസ് ആണ് ന്യൂയോർക്കിൽ നടക്കുന്നത്. ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.