ടൊറന്റോയിൽ നിന്ന് പറന്നുയർന്ന ഒരു സൺവിംഗ് വിമാനം എഞ്ചിനുള്ളിൽ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് തിരിച്ചിറക്കിയതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് 12 മണിയോടെ ടൊറന്റോയിൽ നിന്നും മോണ്ടെഗോ ബേയിലേക്ക് പുറപ്പെട്ട WG732 ബോയിംഗ് 737 വിമാനമാണ് ലോ ഓയിൽ പ്രഷർ അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ച് ഇറക്കിയത്. തുടർന്ന് പൈലറ്റുമാർ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിൽ ഒന്ന് ഷട്ട്ഡൗൺ ചെയ്ത് ടൊറന്റോ എയർപോർട്ടിൽ തിരിച്ചിറക്കി.
പിറ്റ്സ്ബർഗ് വരെ എത്തിയ വിമാനം ഉച്ചയ്ക്ക് ഒരു മണിയോടെ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്കായി മറ്റൊരു വിമാനത്തിൽ യാത്രാ സൗകര്യം ഒരുക്കുമെന്നും സൺവിംഗ് എയർലൈൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൺവിംഗ് എയർലൈൻ വ്യക്തമാക്കി.
വിമാനം ലാൻഡ് ചെയ്യുമ്പോൾ അഗ്നിശമനസേനയും അത്യാഹിത വിഭാഗവും എയർപോർട്ടിൽ സുരക്ഷയ്ക്കായി എത്തിയിരുന്നതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.