അഖില സുരേഷ്
മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കൈയടി നേടുകയാണ്. ഇപ്പോഴിതാ, സിനിമയുടെ സെറ്റില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണിവ. മമ്മൂട്ടിയുടെ സുഹൃത്തായ ജോര്‍ജാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇതേ ക്ഷേത്രത്തിന് പുറത്ത് വിശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ നിര്‍മിച്ചിരിക്കുന്നത്.

ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കാതൽ ആണ് അടുത്തിടെ ഷൂട്ടിംഗ് കഴിഞ്ഞ മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.