രാജ്യത്തെ പാസ്പോർട്ട് ബാക്ക്ലോഗ് 98 ശതമാനവും പ്രോസസ്സ് ചെയ്തതായും പാസ്പോർട്ട് ഓഫീസുകളിലെ പ്രോസസ്സിംഗ് സമയം പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലാക്കിയതായും സാമൂഹിക വികസന മന്ത്രി കരീന ഗൗൾഡ്. ഹാമിൽട്ടണിൽ മൂന്ന് ദിവസത്തെ ലിബറൽ കാബിനറ്റ് റിട്രീറ്റിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
“2022 ജൂണിൽ പാസ്പോർട്ട് ബാക്ക്ലോഗ് ഏറ്റവും ഉയർന്നത് മുതൽ, എല്ലാ കനേഡിയന്മാർക്കും പാസ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്നും, തുടർന്ന് അപേക്ഷകളുടെ ബാക്ക്ലോഗിന്റെ ഏകദേശം 98 ശതമാനവും പ്രോസസ്സ് ചെയ്തുവെന്നും,” ഗൗൾഡ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം കൊവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പാസ്പോർട്ട് ഓഫീസുകളിൽ എത്തുന്ന അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിരുന്നു. പാസ്പോർട്ടുകൾക്കായുള്ള മാസങ്ങൾ നീണ്ട കാത്തിരിപ്പ് നേരിട്ടതോടെ ഫെഡറൽ സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു.
രാജ്യത്ത് പാസ്പോർട്ട് അപേക്ഷകൾ കൈമാറുന്നതിന് രണ്ട് മാനദണ്ഡങ്ങളുണ്ട്. 10 ദിവസത്തിനുള്ളിൽ വ്യക്തിഗത പാസ്പോർട്ട് അപേക്ഷകൾ ഡെലിവറി ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നു. കൂടാതെ 20 ദിവസം കൊണ്ട് തപാൽ വഴിയോ സർവീസ് കാനഡ കേന്ദ്രം വഴിയോ ലഭിക്കുന്നതുമാണ് രണ്ടാമത്തെ മാർഗ്ഗം. ബാക്ക്ലോഗിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ, മിക്ക കനേഡിയൻമാർക്കും പുതിയ പാസ്പോർട്ട് ലഭിക്കാൻ 40 ദിവസം വരെ കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.