പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അവസാനിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 6 മുതൽ ഓപ്പൺ വർക്ക് പെർമിറ്റ് എക്സ്റ്റൻഡ് ചെയ്യാൻ അവസരമൊരുക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പ്രഖ്യാപിച്ചു.
2023-ൽ PGWP തീരുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഓപ്പൺ വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ ലഭ്യമാകുമെന്നും കൂടാതെ 2022-ൽ PGWP കാലഹരണപ്പെട്ടവർക്കും കഴിഞ്ഞ വർഷം IRCC-യുടെ ഓപ്പൺ വർക്ക് പെർമിറ്റ് എക്സ്റ്റൻഡ് ചെയ്യാൻ അപേക്ഷിച്ചവർക്കും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏപ്രിൽ 6 മുതൽ, ഉദ്യോഗാർത്ഥികൾക്ക് ഐആർസിസിയുടെ വെബ്‌സൈറ്റിൽ ഓപ്പൺ വർക്ക് പെർമിറ്റ് എക്സ്റ്റൻഡ് ചെയ്യാനായി അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് രാജ്യത്ത് നിയമപരമായി ജോലി തുടരാൻ തൊഴിലുടമകൾക്ക് സമർപ്പിക്കാനുള്ള ഇടക്കാല വർക്ക് പെർമിറ്റ് ലഭിക്കുമെന്നും സീൻ ഫ്രേസർ അറിയിച്ചു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അനുവദിക്കുന്ന 90 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചാലും രാജ്യത്തെ നിയമപരമായ പദവി അവസാനിക്കുന്നവർക്കും അവരുടെ സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിനും അപേക്ഷിക്കാൻ കഴിയും. അതായത്, അത്തരം വ്യക്തികൾക്ക് അവരുടെ സ്റ്റാറ്റസ് പുനഃസ്ഥാപിക്കാനും ഏപ്രിൽ 6-ന് തന്നെ ഇടക്കാല ഓപ്പൺ വർക്ക് പെർമിറ്റ് അംഗീകാരം നേടാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അന്തർദേശീയ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന സർക്കാർ അംഗീകരിച്ച കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഡിഎൽഐകൾ. DLI യോഗ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റുകൾ (PGWP) ലഭ്യമാണ്.
2022 അവസാനത്തോടെ 800,000 അന്തർദേശീയ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിരുന്നു. കൂടാതെ 2022-ൽ, ഏകദേശം 98,000 PGWP ഹോൾഡർമാർ സ്ഥിരതാമസക്കാരായി. 2023-ൽ 465,000 പുതിയ സ്ഥിര താമസക്കാർക്ക് പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറഞ്ഞു. 2025-ൽ ഇത് 500,000 എന്ന ലക്ഷ്യം കൈവരിക്കുക എന്ന രീതിയിലാണ് ഇമിഗ്രേഷൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.