സ്വന്തം ട്വിറ്റര്‍ നെയിമില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് എന്ന പേരില്‍ മാറ്റം വരുത്തി മിസ്റ്റര്‍ ട്വീറ്റ് എന്നാണ് ഇപ്പോള്‍ ആക്കിയിരിക്കുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാന്‍ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്‌ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
ടെസ്ലയുടെ ഹിയറിംഗിനിടെ നടന്ന ഒരു അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്ലയുടെ നിക്ഷേപകരുടെ പ്രതിനിധിയായ അഭിഭാഷകന്‍ അബദ്ധത്തില്‍ ഇലോണ്‍ മസ്‌കിനെ മിസ്റ്റര്‍ ട്വീറ്റ് എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു.
അഭിസംബോധനയോട് സാധാരണ രീതിയില്‍ തന്നെയാണ് മസ്‌ക് പ്രതികരിച്ചതെങ്കിലും ട്വിറ്ററിലടക്കം മസ്‌ക് ഈ പേര് ഉപയോഗിക്കുകയായിരുന്നു. ടെസ്ലയിലെ ഓഹരി സംബന്ധമായ കേസുകളില്‍ നിക്ഷേപകരെ പ്രതിനിധീകരിക്കുന്ന നിക്കോളാസ് പോരിട്ടാണ് മസ്‌കിനെ മിസ്റ്റര്‍ ട്വീറ്റ് എന്ന് വിളിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ ലേഖകന്‍ പാട്രിക് മക്ഗീ വിശദമാക്കുന്നത്.
കമ്പനിയുടെ ഷെയറിന് 420 ഡോളര്‍ എന്നത് സ്വകാര്യമായി എടുക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് 2018 ല്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. അന്ന് ടെസ്ലയുടെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതായാണ് ഒരു കൂട്ടം ഷെയര്‍ഹോള്‍ഡര്‍മാര്‍ ആരോപിച്ചത്.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം, അതിന്റെ നയങ്ങളിലും സ്ഥിരീകരണ പ്രക്രിയയിലും വലിയ മാറ്റമുണ്ടായിരുന്നു. ഇതില്‍ പ്രതികരിച്ച് 2022-ല്‍ അമേരിക്കന്‍ റാപ്പര്‍ ഡോജ ക്യാറ്റ് തന്റെ ഡിസ്‌പ്ലേയുടെ പേര് ‘ക്രിസ്മസ്’ എന്നാക്കി മാറ്റിയിരുന്നു. അത് തിരികെ മാറ്റാന്‍ സഹായിക്കണമെന്നും അവര് മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു.