ന്യൂബ്രൗൺസ്വിക്കിൽ ലോക്കൽ ഫോൺ കോളുകൾ ചെയ്യാൻ ഏരിയ കോഡിന് ശേഷം ഏഴ് അക്ക ഫോൺ നമ്പറുകൾ ഉൾപ്പെടെ 10 അക്കങ്ങൾ ആക്കിയതായി കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ (CRTC) അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റം പ്രവിശ്യയിലെ എല്ലാ താമസക്കാരെയും സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുമെന്ന് CRTC വ്യക്തമാക്കി.
ഈ മാറ്റങ്ങൾക്ക് പുറമെ പ്രവിശ്യയ്‌ക്കായി പുതിയ 428 എന്ന ഏരിയ കോഡും അവതരിപ്പിച്ചു. ഏപ്രിൽ 29 മുതൽ, പുതിയ 428 എന്ന ഏരിയ കോഡ് ന്യൂബ്രൗൺസ്വിക്കിൽ നിലവിൽ വരുമെന്നും നിലവിലെ 506 ഏരിയ കോഡ് തുടരുമെന്നും കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ അറിയിച്ചു. എന്നാൽ നിലവിലുള്ള 506 എന്ന ഏരിയ കോഡുകളുടെ ഇൻവെന്ററി തീരുമ്പോൾ മാത്രമേ 428 ഏരിയ കോഡ് നൽകൂ എന്നും CRTC പറയുന്നു.
ന്യൂബ്രൗൺസ്വിക്കിലെ താമസക്കാരെയും സ്ഥാപനങ്ങളെയും പ്രാദേശിക 10 അക്ക ഡയലിംഗിനെക്കുറിച്ചും പുതിയ ഏരിയ കോഡിനെക്കുറിച്ചും ബോധവത്കരിക്കുന്നതിനുള്ള കാമ്പെയ്‌ന് പ്രമുഖ കനേഡിയൻ കമ്മ്യൂണിക്കേഷൻ കമ്പനികളുടെ ഒരു കൂട്ടമായ ടെലികമ്മ്യൂണിക്കേഷൻസ് അലയൻസ് നേതൃത്വം നൽകി.
നോവാ സ്കോഷ്യയയും പ്രിൻസ് എഡ്വേർഡ് ഐലൻഡും 2014 ൽ 10 അക്ക ഡയലിംഗ് അവതരിപ്പിച്ചിരുന്നു.