ഓട്ടവ : വിദേശ പൗരന്മാർക്കായി വെർച്വൽ ഇമിഗ്രേഷനും ജോബ് ഫെയർ സീരീസും ആരംഭിക്കുമെന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഗവൺമെന്റ് പ്രഖ്യാപിച്ചു. 2024 മാർച്ച് വരെ നടക്കുന്ന അഞ്ച് മേളകളുടെ പരമ്പരയിലെ ആദ്യത്തേത് സെപ്റ്റംബർ 20 നടക്കും.
കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ നിന്നും കാനഡയിൽ വരാൻ പോകുന്ന പുതുമുഖങ്ങൾക്ക് സെപ്റ്റംബർ 20 ബുധനാഴ്ച്ച നടക്കുന്ന വെർച്വൽ ഇമിഗ്രേഷൻ, ജോബ് ഫെയർ സീരീസിൽ പങ്കെടുക്കാം.

തൊഴിലുടമകളുമായി നേരിട്ട് സംവദിക്കുക, തൊഴിലുടമകൾക്കായി ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക, ലൈവ് ഇമിഗ്രേഷൻ പ്രോഗ്രാം ഇൻഫർമേഷൻ സെഷനിൽ പങ്കെടുത്ത് ഇമിഗ്രേഷൻ ഓഫീസർമാരോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുക, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് കുടിയേറാനുള്ള നടപടികളെക്കുറിച്ച് അറിയുക, ജീവിതച്ചെലവ്, ജീവിതശൈലി, ജോലികൾ, ശമ്പളം, ജനസംഖ്യ എന്നിവ ഉൾപ്പെടെ പ്രവിശ്യയിൽ താമസിക്കുന്നതിനെക്കുറിച്ച് അറിയുക തുടങ്ങിയ പ്രയോജനകരമായ വിവരങ്ങൾ ഈ മേളകൾ പങ്കെടുക്കുന്നവർക്ക് അവസരം നൽകുമെന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഗവൺമെന്റ് അറിയിച്ചു.
ഈ പരമ്പരയിലെ ശേഷിക്കുന്ന നാല് മേളകൾ ഒക്ടോബർ 25, നവംബർ 16, 2024 ജനുവരി 24, 2024 മാർച്ച് 27 എന്നീ തീയതികളിൽ നടക്കും.

2022-ൽ, സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പ്രകാരം കാനഡയിലെ ഏറ്റവും സന്തോഷമുള്ള പ്രവിശ്യയായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ കണ്ടെത്തി. പ്രവിശ്യയുടെ താങ്ങാനാവുന്ന വില, സാംസ്കാരിക സമൃദ്ധി, സുരക്ഷ, പ്രകൃതിയോടുള്ള സാമീപ്യം, വിദ്യാഭ്യാസത്തോടുള്ള ബഹുമാനം എന്നിവയാണ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ സ്ഥിരതാമസമാക്കുന്നതിന്റെ ഗുണങ്ങൾ.
കൂടാതെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ കുറഞ്ഞ വേതനം നിലവിൽ 14.50 ഡോളറാണ്. ഇത് കാനഡയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ തുല്യമാണ്. എന്നാൽ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ 2023 ഒക്ടോബർ 1-ന് മിനിമം വേതനം വീണ്ടും ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പുതുമുഖങ്ങൾക്കായി ഈ പരമ്പരയിലെ ആദ്യ മേളയിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ അറിയാനുമുള്ള ലിങ്ക് താഴെ കൊടുക്കുന്നു : https://www.canadavisa.com/landing-settlement-canada-newfoundland-labrador.html