ഇന്ത്യ അടക്കം ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാർക്ക് പ്രവിശ്യയിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് നോവാ സ്കോഷ്യ കോളേജ് ഓഫ് നഴ്‌സിംഗ് രജിസ്ട്രാർ സ്യൂ സ്മിത്ത്. അന്താരാഷ്ട്ര നഴ്‌സുമാർക്കുള്ള ഈ മാറ്റങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇത്തരത്തിൽ റെഗുലേറ്ററി മാറ്റങ്ങൾ നടപ്പിലാക്കുന്ന ആദ്യ പ്രവിശ്യയാണ് നോവാ സ്കോഷ്യയെന്നും സ്യൂ സ്മിത്ത് പറഞ്ഞു.
ഇന്ത്യ, ഫിലിപ്പീൻസ്, നൈജീരിയ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്ക് പ്രവിശ്യയിൽ പരിശീലനം ആരംഭിക്കാൻ പ്രവേശന പരീക്ഷ പാസായാൽ മതിയെന്നും നോവാ സ്കോഷ്യ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി.
പുതിയ നയങ്ങൾ വിദേശ നഴ്‌സുമാർക്ക് ലൈസൻസ് നൽകുന്നതിനുള്ള സമയ കാലയളവ് ഒരു വർഷത്തിൽ നിന്നും ആഴ്ചകളായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോളേജ് ഓഫ് നഴ്‌സിംഗ് അറിയിച്ചു. കൂടാതെ, മറ്റ് പ്രവിശ്യകളിൽ നിന്നുള്ള നഴ്‌സുമാർക്ക് 24 മണിക്കൂറിനുള്ളിൽ നോവാ സ്കോഷ്യയിൽ ലൈസൻസ് ലഭിക്കാൻ അർഹതയുണ്ടെന്നും കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. ഈ മാറ്റങ്ങൾ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ വർഷം 282 അന്താരാഷ്ട്ര നഴ്സുമാരെ ലൈസൻസിഡ് പ്രാക്ടിക്കൽ നഴ്സുമാരായോ രജിസ്റ്റേർഡ് നഴ്സുമാരായോ നഴ്സ് പ്രാക്ടീഷണർമാരായോ രജിസ്റ്റർ ചെയ്യുകയും ലൈസൻസ് നൽകുകയും ചെയ്തതായി നോവാ സ്കോഷ്യ കോളേജ് ഓഫ് നഴ്‌സിംഗ് അറിയിച്ചു.
നിലവിൽ പ്രവിശ്യയിലെ നഴ്‌സിംഗ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരിൽ പകുതിയോളം ഫിലിപ്പീൻസിൽ നിന്നും നാലിലൊന്ന് പേർ ഇന്ത്യയിൽ നിന്നുമാണെന്നും നോവാ സ്കോഷ്യ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു.