ഓട്ടവ : OC ട്രാൻസ്‌പോ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫ്.
താൻ വിചാരിച്ചതിലും മോശമായ അവസ്ഥയിലാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ, പ്രവിശ്യാ ഗവൺമെന്റുകൾ അടിയന്തിരമായി ഇടപെടണമെന്നും മാർക്ക് സട്ട്ക്ലിഫ് അഭ്യർത്ഥിച്ചു.

കോവിഡ് മഹാമാരിയോടെ ആരംഭിച്ച യാത്രക്കാരുടെ കുറവ് തുടരുന്നതായും ഇത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായും മാർക്ക് സട്ട്ക്ലിഫ് പറയുന്നു. ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായ കനാറ്റ, ബാർഹാവൻ, സ്റ്റിറ്റ്‌സ്‌വിൽ എന്നിവിടങ്ങളിൽ നിന്നുള്ള എൽആർടിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാവി അപകടത്തിലാകാമെന്നും പ്രതിസന്ധി സൂചിപ്പിക്കുന്നു.
സ്റ്റേജ് 3 നടപ്പിലാക്കുന്നതിന് സിറ്റി മറ്റ് സർക്കാർ തലങ്ങളുമായോ ഏതെങ്കിലും സ്വകാര്യ മേഖലയിലെ പങ്കാളികളുമായോ നാളിതുവരെ കരാർ ഒപ്പുവച്ചിട്ടില്ല. സ്റ്റേജ് 3 ഇപ്പോൾ താങ്ങാനാകുന്നതല്ലെന്നും എന്നാൽ OC ട്രാൻസ്‌പോയുടെ ദീർഘകാല ധനകാര്യം മെച്ചപ്പെടുത്തുന്നതിന് അടുത്ത 10 വർഷത്തിനുള്ളിൽ നഗരത്തിന് നിരവധി തീരുമാനങ്ങൾ എടുക്കാനുണ്ടെന്നും സട്ക്ലിഫ് പറഞ്ഞു.

2024 ലെ ബജറ്റ് ട്രാൻസിറ്റ് ലെവി വർധന 2.5 ശതമാനമായി നിലനിർത്തുമെന്നും ലെവി വർധിപ്പിക്കാതെ മറ്റു പരിഹാരമാർഗ്ഗങ്ങൾ പരിശോധിക്കുന്നതായും സട്ക്ലിഫ് പറഞ്ഞു.
സ്റ്റേജ് 1-ലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെ എൽആർടിയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവിശ്യാ ധനസഹായം നൽകില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡ് നേരത്തെ പറഞ്ഞിരുന്നു.