ഇന്നലെ വൈകുന്നേരം ഓക്ക്‌വില്ലെ ടൗൺഹൗസിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഓക്ക്‌വില്ലെ ഫയർ ചീഫ് പോൾ ബോയ്‌സോണോൾട്ട് അറിയിച്ചു. തീപിടിത്തത്തിൽ വളർത്തുമൃഗവും ചത്തു. വൈകുന്നേരം 6:30ഓടെ ഓക്ക്‌വില്ലെ അപ്പർ മിഡിൽ റോഡിന് സമീപം, ആറാം ലൈനിലുള്ള ടൗൺഹൗസിലാണ് തീപിടിത്തം ഉണ്ടായത്.
സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ വീടിനുള്ളിൽ നിന്നും കനത്ത തീയും പുകയും ഉയരുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്തു. അതിവേഗം തീ നിയന്ത്രണ വിധേയമാക്കിയതായി പോൾ ബോയ്‌സോണോൾട്ട് അറിയിച്ചു. തുടർന്ന് വീടിനുള്ളിൽ നടന്ന പരിശോധനയിൽ താമസക്കാരനായ ഒരാളെയും ഒരു വളർത്തുമൃഗത്തെയും മരിച്ച നിലയിൽ കണ്ടെത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അഗ്നിബാധയെ തുടർന്ന് മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബോയ്‌സണോൾട്ട് പറഞ്ഞു. ടൗൺഹൗസിൽ നിന്ന് ഒന്നിലധികം വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെക്കുറിച്ച് ഒന്റാരിയോ ഫയർ മാർഷലിനെ അറിയിച്ചിട്ടുണ്ടെന്നും കൊറോണറുടെ ഓഫീസ് ഇന്ന് രാവിലെ സംഭവസ്ഥലത്ത് എത്തുമെന്നും ബോയ്‌സോണോൾട്ട് പറഞ്ഞു.