പലിശനിരക്ക് വർദ്ധിക്കുന്നതിനാൽ സസ്കച്ചുവനിൽ നിലവിലെ വീട്ടുടമസ്ഥർ മോർട്ട്ഗേജ് പേയ്മെന്റുകൾ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്നതായി മോർട്ട്ഗേജ് വിദഗ്ധൻ പറയുന്നു. അഞ്ചിൽ ഒരാൾ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും മോർട്ട്ഗേജ് വിദഗ്ധൻ കോൺറാഡ് ന്യൂഫെൽഡ് വ്യക്തമാക്കി.
സസ്‌കാറ്റൂണിലെ ഭവന വിൽപ്പന ഏകദേശം 20 ശതമാനത്തോളം കുറയുകയും ഇൻവെന്ററി ലെവലുകൾ 10 വർഷത്തെ ശരാശരിയിലും താഴെയാകുകയും ചെയ്തതായി സസ്കച്ചുവൻ റിയൽറ്റേഴ്‌സ് അസോസിയേഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് വീട് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ പ്രശ്‌നമുണ്ടാക്കുന്ന കാര്യമാണെന്ന് കോൺറാഡ് ന്യൂഫെൽഡ് പറഞ്ഞു.
പുതിയ വീട് വാങ്ങുന്നവർക്കുള്ള മിക്ക ഫിക്സഡ്-റേറ്റ് മോർട്ട്ഗേജുകളും 5.25 ശതമാനമാണെന്നും വേരിയബിൾ മോർട്ട്ഗേജ് സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 6.50 ശതമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. റീഫിനാൻസിംഗ് പരിഗണിക്കുന്നവർക്ക് ഉയർന്ന നിരക്ക് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കൂടി ഫെബ്രുവരിയിൽ സസ്‌കാറ്റൂണിലെ വീടുകളുടെ ബെഞ്ച്മാർക്ക് വില 372,400 ഡോളറായി വർദ്ധിച്ചു. വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ മികച്ച ദിവസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂഫെൽഡ് പറഞ്ഞു.