പ്രവിശ്യയിൽ സ്ട്രീറ്റ് റേസിംഗ് വർധിച്ചുവരുന്നതായി ഒന്റാരിയോയിലെ നിരവധി പോലീസ് സർവ്വീസുകൾ റിപ്പോർട്ട് ചെയ്തു.
ജനുവരി മുതൽ, സ്റ്റണ്ട് ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ടൊറന്റോയിൽ 521 ചാർജുകൾ ഉണ്ടായിട്ടുണ്ടെന്നും സ്റ്റണ്ട് ഡ്രൈവിംഗ് കോളുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം വർധനയുണ്ടായെന്നും ടൊറന്റോ പോലീസ് ആക്ടിംഗ് സൂപ്രണ്ട് മാറ്റ് മോയർ അറിയിച്ചു. ഈ വർഷം സ്ട്രീറ്റ് റേസിംഗിൽ പ്രതികളായവർക്കെതിരെ 600 കുറ്റങ്ങൾ ചുമത്തിയതായി പീൽ റീജിയണിലെയും ദുർഹം റീജിയണിലെയും പോലീസ് റിപ്പോർട്ട് ചെയ്തു.
സ്ട്രീറ്റ് റേസിംഗിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റീഡറുകൾ ഉപയോഗിക്കാൻ ആരംഭിച്ചതായി ദുർഹം റീജിയണിന്റെ ഡെപ്യൂട്ടി പോലീസ് മേധാവി അറിയിച്ചു. കൂടാതെ ഇത്തരം കേസുകൾ നിയന്ത്രിക്കാൻ മാർക്ക് ചെയ്യാത്ത ക്രൂയിസറുകൾ ഉപയോഗിക്കുമെന്ന് യോർക്ക് റീജിയൻ പോലീസ് പറയുന്നു.

സ്ട്രീറ്റ് റേസിംഗ് കേസുകൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രോജക്റ്റ് ഇറേസ് എന്ന പേരിൽ ആരംഭിച്ച ഓപ്പറേഷനിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിലുടനീളമുള്ള പോലീസും ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസും വാട്ടർലൂയിലെയും ബാരിയിലെയും പോലീസ് സർവ്വീസ് ഉൾപ്പെടുന്നു.
അഗ്രസ്സീവ് ഡ്രൈവിങ്ങോ സ്ട്രീറ്റ് റേസിംഗോ കാണുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പർമാരെയോ അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.