ഗ്രോസറി ഷോപ്പുകൾ, ഫാർമസികൾ എന്നിവ വഴി വിതരണം ചെയ്യുന്ന, കോവിഡ്-19 സൗജന്യ റാപ്പിഡ് ടെസ്റ്റ് പ്രോഗ്രാം ഈ മാസത്തോടെ അവസാനിപ്പിക്കുമെന്ന് ഒന്റാരിയോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 30 ഓടെയാണ് പ്രോഗ്രാം അവസാനിപ്പിക്കുന്നത്. കൊവിഡ് കേസുകളുടെ കുറഞ്ഞ നിരക്കും ഉയർന്ന വാക്സിനേഷൻ നിരക്കും ടെസ്റ്റുകൾക്കുള്ള ഡിമാൻഡ് കുറയുന്നതിനാലുമാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഒന്റാരിയോ ഹെൽത്ത് ടീമുകൾ തുടങ്ങിയ ഓർഗനൈസേഷനുകളിലൂടെ മുൻഗണനയുള്ള ചില കമ്മ്യൂണിറ്റികളിൽ സൗജന്യ റാപ്പിഡ് ടെസ്റ്റുകൾ ഡിസംബർ 31 വരെ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ഗ്രോസറി ഷോപ്പുകളും ഫാർമസികളും ജൂൺ 16-നകം ഫൈനൽ ഓർഡർ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
പരിശോധനകൾ ആവശ്യമുള്ള ആളുകൾക്ക് തുടർന്നും സൗജന്യ റാപ്പിഡ് ടെസ്റ്റുകൾ ലഭ്യമാകണമെന്ന് എൻഡിപി ആരോഗ്യ നിരൂപകൻ ഫ്രാൻസ് ജെലിനാസ് അഭ്യർത്ഥിച്ചു.