അഖില സുരേഷ്
മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ അനവധിയാണ്. അതിലൊരു മികച്ച പരിഹാരമാണ് പപ്പായ. വീട്ടില്‍ തന്നെ സുഗമമായി ലഭ്യമാകുന്ന പപ്പായ ചർമത്തിന് തിളക്കവും നിറവും നൽകാൻ ഏറ്റവും മികച്ചൊരു ഉപാധിയാണ്.
പപ്പായയില്‍ ധാരാളമായുള്ള വൈറ്റമിന്‍ സി ചര്‍മത്തിലെ പാടുകള്‍ നീക്കി സ്വാഭാവിക നിറം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും പപ്പായ നല്ലൊരു പ്രതിവിധിയാണ്. നല്ലൊരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്ന പപ്പായ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.
പപ്പായയിൽ അൽപ്പം തേൻ കൂടി ചേർത്ത് പുരട്ടുന്നത് ചർമത്തിൽ അത്ഭുതകരമായ മാറ്റം കൊണ്ടുവരും. ചർമത്തിലെ ഈര്‍പ്പം നിലനിര്‍ത്തി തിളക്കം നൽകാൻ തേൻ സഹായിക്കുന്നു.

നല്ലതാണെന്ന് കരുതി ചീത്തയായതോ പാകമാകാത്തതോ ആയ പപ്പായ ഉപയോഗിക്കരുത്. നല്ലതും പഴുത്തതുമായ പപ്പായ വേണം തിരഞ്ഞെടുക്കാന്‍. അതും, വൃത്തിയായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ചർമം തിളങ്ങാൻ പപ്പായ ഫേസ്പാക്ക്
നല്ല പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസാക്കി മാറ്റുക. അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖം നല്ല പോലെ കഴുകിയ ശേഷം മുഖത്ത് ഈ മിശ്രിതം പുരട്ടാം. തുടർന്ന് 5 മുതൽ 7 മിനിറ്റ് വരെ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ശേഷം 4 തുള്ളി വെളിച്ചെണ്ണ ഉപയോഗിച്ച് മുഖം ഒന്നുകൂടി മസാജ് ചെയ്യുക. എല്ലാ ദിവസവും കുളിക്കുന്നതിനു മുന്‍പ് ഇതുപോലെ ചെയ്തുനൊക്കു, മാറ്റം അനുഭവിച്ചറിയാം. തേനിന് പകരം പാൽ ചേർത്തും ഈ ഫേസ്പാക്ക് ഉണ്ടാക്കാം.