പാര്‍ലമെന്റിന്റെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. നേരത്തെ പുറത്തുവിട്ട അജണ്ടയുടെ താല്‍ക്കാലിക പട്ടികയില്‍ നാല് ബില്ലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുക. ഗണേശ ചതുര്‍ഥി ദിനമായ ചൊവ്വാഴ്ച മുതലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം. പ്രത്യേക പൂജയ്ക്കുശേഷം ആകും പുതിയ പാര്‍ലമെന്റിലെ സമ്മേളനം ആരംഭിക്കുന്നത്.
ഔപചാരികമായ പാര്‍ലമെന്ററി നടപടികള്‍ക്ക് പുറമെ, ‘സംവിധാനസഭയില്‍ നിന്ന് ആരംഭിച്ച 75 വര്‍ഷത്തെ പാര്‍ലമെന്ററി യാത്ര – നേട്ടങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മ്മകള്‍, പഠനങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. അഞ്ച് ദിവസത്തെ പ്രത്യേക സിറ്റിംഗിന്റെ ആദ്യ ദിവസം ബിജെപിയുടെ ലോക്‌സഭാ എംപിമാരായ സുനില്‍ കുമാര്‍ സിംഗും ഗണേഷ് സിംഗും പ്രത്യേകാവകാശ സമിതിയുടെ ആറാമത്തെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
അഭിഭാഷക (ഭേദഗതി) ബില്‍, 2023, ദി പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍, 2023 എന്നിവയാണ് ലോക്സഭയില്‍ പരിഗണിക്കുക. ആഗസ്റ്റ് മൂന്നിന് രണ്ട് ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക.
മറുവശത്ത്, പോസ്റ്റ് ഓഫീസ് ബില്‍ 2023, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) ബില്‍ 2023 എന്നിവ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് രാജ്യസഭാ എംപിമാര്‍. ആദ്യ രണ്ട് ബില്ലുകള്‍ ഓഗസ്റ്റ് മൂന്നിന് രാജ്യസഭ പാസാക്കി. പ്രത്യേക സമ്മേളനത്തില്‍ ലോക്‌സഭയില്‍ അവ ചര്‍ച്ച ചെയ്യും. മറ്റ് രണ്ടെണ്ണം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും.
ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നടക്കുക.