ഇന്നലെ രാത്രി നോർത്തേൺ ആൽബർട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചതായും അഞ്ച് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നോർത്തേൺ സൺറൈസ് കൗണ്ടിയിലെ ഹൈവേ 88-ൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ഹൈവേ 750-ൽ വൈകുന്നേരം 7 മണിയോടെ പിക്കപ്പ് ട്രക്ക്, മിനിവാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് ആർസിഎംപി വ്യക്തമാക്കി.
വൈറ്റ്ഫിഷ് ലേക്ക് ഫസ്റ്റ് നേഷൻ നിവാസികളാണ് മിനിവാനിലുണ്ടായിരുന്ന നാലുപേർ. പിക്ക്-അപ്പ് ട്രക്കിലെ ഒരു യുവാവും യുവതിയും മിനിവാനിലുണ്ടായിരുന്ന 65 ഉം 51 ഉം വയസുള്ള രണ്ട് സ്ത്രീകളും 11 വയസ്സുള്ള ഒരു കുട്ടിയും മരിച്ചതായി പോലീസ് അറിയിച്ചു.
പിക്ക്-അപ്പ് ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആർസിഎംപി അറിയിച്ചു.