അഖില സുരേഷ്
സംവിധായകന്‍ മൈക്കൽ ബേയ്‌ക്കെതിരെ പ്രാവിനെ കൊന്നതായി ആരോപണം. നെറ്റ്ഫ്ളിക്‌സിന് വേണ്ടി നിർമിച്ച ‘സിക്‌സ് അണ്ടര്‍ഗ്രൗണ്ടി’ന്റെ ചിത്രീകരണത്തിനിടെ 2019-ലായിരുന്നു സംഭവം.
ഇറ്റലിയിൽ പ്രാവുകളെ സംരക്ഷിത ഇനമായാണ് കണക്കാക്കുന്നത്. പക്ഷികളെ ഉപദ്രവിക്കുന്നതോ കൊല്ലുന്നതോ പിടിക്കുന്നതോ നിയമവിരുദ്ധമാക്കുന്ന ഒരു നിയമവും യൂറോപ്യൻ യൂണിയനിലുണ്ട്. ഒരു അജ്ഞാത വ്യക്തി സിക്സ് അണ്ടർഗ്രൗണ്ടിന്റെ സെറ്റിൽ നിന്ന് ഫോട്ടോ എടുത്ത് ഇറ്റാലിയൻ അധികാരികൾക്ക് അയച്ചതോടെയാണ് വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ബേയുടെ വാദം. ‘ഞാന്‍ ഒരു മൃഗസ്‌നേഹിയാണ്. ചിത്രീകരണത്തിനിടയില്‍ ഒരിക്കല്‍ പോലും മൃഗങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല.’ ബേ പറഞ്ഞു. ചിത്രം തെറ്റാണെന്നുള്ളതിന് തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022-ല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മൂന്ന് ശ്രമങ്ങള്‍ ബേയുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും പരിഹരിക്കാനായില്ല.
2018 ലാണ് സിക്സ് അണ്ടർഗ്രൗണ്ടിന്റെ ചിത്രീകരണം ആരംഭിച്ചത്. റോം, ഫ്ലോറൻസ്, സിയന്ന, ടാരന്റോ എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷനുകൾ. റയാൻ റെയ്‌നോൾഡ്‌സായിരുന്നു നായകൻ. ഒരു കോടീശ്വരന്റെ വേഷത്തിലാണ് അദ്ദേഹം ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെത്തിയത്.
മെലാനി ലോറന്റ്, കോറി ഹോക്കിൻസ്, മാനുവൽ ഗാർസിയ-റുൾഫോ, ഡേവ് ഫ്രാങ്കോ, അഡ്രിയ അർജോന, ബെൻ ഹാർഡി, ലിയോർ റാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.