പ്രവിശ്യയിലേക്ക് എത്തുന്ന മുമ്പ് സാമ്പത്തിക കുടിയേറ്റക്കാർ ഫ്രഞ്ച് സംസാരിക്കാൻ പഠിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ക്യുബക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്.
ക്യൂബെക്കിലേക്കുള്ള കുടിയേറ്റക്കാരിൽ 65 ശതമാനവും പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ഇമിഗ്രേഷൻ സ്ട്രീം വഴിയാണ് വരുന്നത്. 2027-ഓടെ എല്ലാ വർഷവും സ്വീകരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 50,000ത്തിൽ നിന്നും 60,000 ആയി വർധിപ്പിക്കുന്നതും തന്റെ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ലെഗോൾട്ട് പറഞ്ഞു.
കുടിയേറ്റം വർദ്ധിക്കുന്നത് സാമ്പത്തിക സ്ട്രീമിലൂടെ എത്തുന്ന ആളുകളിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ പുനരേകീകരണ പരിപാടിയിലൂടെയോ അഭയാർത്ഥികളായി കുടിയേറുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് തന്റെ സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിവർഷം 50,000-ത്തിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ക്യൂബെക്കിനെ സംബന്ധിച്ചിടത്തോളം “ആത്മഹത്യ” ആയിരിക്കുമെന്ന് ലെഗോൾട്ട് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. എന്നാൽ, കുടിയേറ്റക്കാർ ഫ്രഞ്ച് സംസാരിക്കുകയാണെങ്കിൽ പ്രവിശ്യയുടെ സംസ്കാരത്തിനും ഭാഷയ്ക്കും ഭീഷണിയാകില്ലെന്ന് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തി.