മാഡ്രിഡ് : റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് നേരെയുള്ള വംശീയാധിക്ഷേപത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡ്-വലൻസിയ മത്സരത്തിനിടെയാണ് വിനീഷ്യസ് വംശീയാധിക്ഷേപം നേരിട്ടത്.
വലൻസിയയിലെ മെസ്റ്റെല്ല സ്റ്റേഡിയത്തിൽ നടന്ന മത്സരം ഇതേ തുടർന്ന് 10 മിനിറ്റോളം നിർത്തിവെച്ചിരുന്നു. മത്സരശേഷം രൂക്ഷമായ പ്രതികരണവുമായി വിനീഷ്യസ് രംഗത്ത് വന്നിരുന്നു. സ്പാനിഷ് ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണെന്നും അധികൃതർ ഇത്തരം പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കാറില്ലെന്നും വിനീഷ്യസ് കുറ്റപ്പെടുത്തിയിരുന്നു.
മുൻ ഫുട്ബോൾ താരങ്ങളും ബ്രസീൽ പ്രസിഡന്റുമുൾപ്പെടെയുള്ളവർ വിനീഷ്യസിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. ഈ സീസണിൽ മാത്രം എട്ടോളം തവണയാണ് വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത്.