അഖില സുരേഷ്
രജനീകാന്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ. ചിത്രത്തിൽ തമന്നയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ ജയിലറിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഷൂട്ട് കഴിഞ്ഞത് ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ സമയത്ത് രജനീകാന്ത് തനിക്കൊരു സമ്മാനം നൽകിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന.
രജനീകാന്ത് തനിക്ക് ആത്മീയ യാത്രയെക്കുറിച്ചുള്ള ഒരു പുസ്തകം സമ്മാനമായി നൽകിയെന്ന് തമന്ന പറഞ്ഞു. രജനീകാന്തിന്റെ ഓട്ടോഗ്രാഫോട് കൂടിയതാണ് പുസ്തകം. രജനീകാന്തിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്നും തമന്ന പറഞ്ഞു.
ഓഗസ്റ്റ് 10-നാണ് ജയിലർ തിയേറ്ററുകളിലേക്കെത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്.