2023 സാമ്പത്തിക വർഷത്തിന്റെ രണ്ട്, മൂന്ന് പാദങ്ങളിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ നേരിയ മാന്ദ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റോയൽ ബാങ്ക് ഓഫ് കാനഡ സാമ്പത്തിക വിദഗ്ധർ. ഉയർന്ന സെൻട്രൽ ബാങ്ക് പലിശനിരക്കുകൾ 2023-ൽ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യം അനുസരിച്ച്, യുഎസ്, കനേഡിയൻ സമ്പദ്‌വ്യവസ്ഥകൾ 2023-ന്റെ മധ്യ പാദത്തിൽ നേരിയ മാന്ദ്യത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇത് ഗാർഹിക വാങ്ങൽ ശേഷിയെയും ഭവന വിപണിയെയും പ്രതികൂലമായി ബാധിക്കും. അതേസമയം, ഗ്ലോബൽ മാനുഫാക്ചറിംഗ് അവലോകനം പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുന്നതിന് വിതരണ ശൃംഖലയിലെ തടസ്സങ്ങളെ ലഘൂകരിച്ചതായി സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു.
രാജ്യത്തെ മിക്ക പ്രവിശ്യകളിലും സമാനമായ അവസ്ഥകൾ നേരിടുമെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സമയം വേണ്ടി വരുമെന്നും RBC റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും മന്ദഗതിയിലുള്ള വളർച്ച റിപ്പോർട്ട് പ്രവചിക്കുന്നു. സസ്കച്ചുവൻ, ആൽബർട്ട, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ എണ്ണ ഉൽപ്പാദിപ്പിക്കുന്ന പ്രവിശ്യകളുടെ ഓഫ്‌ഷോർ ഓയിൽ പ്രൊഡക്ഷൻ ത്വരിതപ്പെടുത്തുന്നതിലൂടെ പ്രയോജനം നേടുമെന്ന് കരുതുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്നാൽ, ഉയർന്ന ഗാർഹിക കട സേവന ചെലവുകളും ഭവന വിപണികളിലെ വ്യതിയാനവും വലിയ സാമ്പത്തിക സ്വാധീനം ചെലുത്തുന്ന ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ക്യുബക് എന്നീ പ്രവിശ്യകളിൽ സ്ഥിതി മോശമാണെന്നും RBC റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം, ഉയർന്ന ജനസംഖ്യാ വളർച്ചയും പാർപ്പിട നിക്ഷേപവും പ്രയോജനപ്പെടുത്തുന്ന അറ്റ്ലാന്റിക് കാനഡ ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ വളരുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.