കഴിഞ്ഞ വർഷം സാനിച്ചിൽ നടന്ന ബാങ്ക് വെടിവെപ്പിൽ ഉൾപ്പെട്ട പ്രതികൾ, കഴിയുന്നത്ര പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുക എന്ന ഉദ്ദേശത്തോടെ 2019 മുതൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
22 വയസ്സുള്ള ഇരട്ട സഹോദരന്മാരായ പ്രതികൾക്ക് സർക്കാരിനെയും പോലീസിനെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നതായി അന്വേഷകർ പറയുന്നു. പോലീസ് കൂട്ടത്തോടെ പ്രതികരിക്കാനുള്ള ഒരു മാർഗമായിരുന്നു ബാങ്ക് കവർച്ചശ്രമമെന്നും തങ്ങൾ കൊല്ലപ്പെടുമെന്ന് പ്രതികളായ മാത്യുവിനും ഐസക് ഓച്ചർലോണിക്കും അറിയാമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് 100-ലധികം മാഗസിനുകളും ഡ്രമ്മുകളും 3,500 ലധികം വെടിയുണ്ടകളും കണ്ടെത്തിയതായി വാൻകൂവർ ഐലൻഡ് ഇന്റഗ്രേറ്റഡ് മേജർ ക്രൈം യൂണിറ്റിലെ അലക്സ് ബെറൂബെ പറഞ്ഞു. കൂടാതെ, 30-ലധികം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങളും (ഐഇഡി) വാഹനത്തിൽ നിന്നും കണ്ടെടുത്തിരുന്നു. ഐഇഡികൾ “അത്യാധുനികമല്ല” എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അവയ്ക്ക് മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമാകും. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രതികൾ എന്താണ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത് എന്ന് വ്യക്തമായിട്ടില്ല.
മുഴുവൻ ബോഡി കവചവും ധരിച്ച് സെമി ഓട്ടോമാറ്റിക് എസ്‌കെഎസ് റൈഫിളുകളുമായി പ്രതികൾ കടക്കുമ്പോൾ ബാങ്കിനുള്ളിൽ 22ഓളം പൊതുജനങ്ങൾ ഉണ്ടായിരുന്നതായി ബ്രിട്ടീഷ് കൊളംബിയ ആർസിഎംപി മേജർ ക്രൈം യൂണിറ്റ് സൂപ്രണ്ട് സഞ്ജയ വിജയക്കോൺ പറഞ്ഞു.
“വെറും 16 മിനിറ്റ് മാത്രമാണ് പ്രതികൾ ബാങ്കിനുള്ളിൽ ചിലവഴിച്ചതെന്നും” ബെറൂബെ പറയുന്നു. “ബാങ്കിൽ ചെലവഴിച്ച സമയവും അവരുടെ പ്രവർത്തനങ്ങളും കവർച്ചയുടെ ലക്ഷ്യം പണം സമ്പാദിക്കലല്ല, മറിച്ച് പോലീസുമായി സായുധ ഏറ്റുമുട്ടലുണ്ടാക്കുകയാണെന്ന് പോലീസിന് വ്യക്തമാക്കി, ”അദ്ദേഹം വിശദീകരിച്ചു.
വെടിവെപ്പിൽ ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും തിരിച്ചുള്ള ആക്രമണത്തിൽ പ്രതികളായ ഇരട്ട സഹോദരന്മാർ കൊല്ലപ്പെടുകയും ചെയ്തു. കണ്ടെടുത്ത വെടിമരുന്നിന്റെ അളവും പ്രതികൾ ഉണ്ടെന്ന് പോലീസ് കരുതുന്ന ലക്ഷ്യവും കണക്കിലെടുക്കുമ്പോൾ, സ്ഥിതി കൂടുതൽ വഷളാക്കാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റിയിലെ ബിഎംഒയിൽ നടന്ന സംഭവം നടന്ന് ആറ് മാസത്തിനു ശേഷം, പ്രദേശവാസികളെയും പ്രവിശ്യയിലുടനീളമുള്ള നിരവധി ആളുകളെയും നടുക്കിയാണ് ഏറ്റവും പുതിയ വിശദാംശങ്ങൾ വരുന്നത്.