സാൽമൊണല്ല അണുബാധ കണ്ടെത്തിയതിനെ തുടർന്ന് സിംപ്ലി ഹോട്ട് ബ്രാൻഡ് തായ് ഗ്രീൻ പെപ്പർ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) നിർദ്ദേശപ്രകാരമാണ് തിരിച്ചുവിളിക്കൽ നോട്ടീസ് നൽകിയതെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി.
ഈ ഉൽപ്പന്നങ്ങൾ ആൽബർട്ടയിലും സസ്കച്ചുവനിലും വിറ്റിട്ടുണ്ടെന്നും മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വിതരണം ചെയ്തിരിക്കാമെന്നും ഹെൽത്ത് കാനഡ പറഞ്ഞു. UPC 8 94242 00050 ബാച്ച് നമ്പറിൽ ഉള്ള 50 ഗ്രാം പായ്ക്കറ്റുകളാണ് വിറ്റിരിക്കുന്നതെന്നും ഹെൽത്ത് കാനഡ അറിയിച്ചു. തിരിച്ചുവിളിച്ച തായ് ഗ്രീൻ പെപ്പറുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹെൽത്ത് കാനഡ പറയുന്നു.
സാൽമൊണല്ല അണുബാധ ഗുരുതരമായതും ചിലപ്പോൾ മാരകവുമായ അവസ്ഥയ്ക്ക് കാരണമായേക്കുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ ഗുരുതരമായ പ്രത്യാഘതങ്ങൾ സൃഷ്ടിക്കുമെന്നും ഹെൽത്ത് കാനഡ അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഹെൽത്ത് കാനഡ അഭ്യർത്ഥിച്ചു.

സാൽമൊണല്ല കലർന്ന ഭക്ഷണത്തിന് കേടുവന്നതായി തോന്നുകയോ മണം ഉണ്ടായിരിക്കില്ലെന്നും ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. സാൽമൊണല്ല അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആരോഗ്യമുള്ള ആളുകൾക്ക് പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് ഉറപ്പാക്കണമെന്നും, കൂടാതെ അവ കഴിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
തായ് ഗ്രീൻ പെപ്പർ ഉപയോഗിച്ചതിലൂടെ അസുഖബാധിതരായാൽ ഉടൻ തന്നെ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.