ടൊറന്റോ : ഭൂകമ്പം തകർത്ത തുർക്കി, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ അപേക്ഷകൾക്ക് മുൻഗണന നൽകുമെന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ. കൂടാതെ ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള റ്റെമ്പറെറി റെസിഡൻസിന് രാജ്യത്ത് താമസിക്കുന്നതിനുള്ള കാലാവധി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 6 ന് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
താൽക്കാലിക പദവിയുള്ള, തുർക്കി, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുടുംബത്തെ സന്ദർശിക്കാനോ പഠിക്കാനോ കാനഡയിൽ ജോലി ചെയ്യാനോ ആയി അപേക്ഷിക്കാൻ സർക്കാർ അനുവദിക്കുമെന്നും അവർക്കുള്ള അപേക്ഷാ ഫീസ് ഒഴിവാക്കുമെന്നും ഫ്രേസർ കൂട്ടിച്ചേർത്തു. ഭൂകമ്പം ബാധിച്ച ആളുകൾക്ക് താൽക്കാലിക വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 10 വരെ, രാജ്യത്ത് ഏകദേശം 600 സിറിയൻ പൗരന്മാർക്കും 6,400 തുർക്കി പൗരന്മാർക്കും താൽക്കാലിക പദവിയുണ്ടെന്നും അത് അടുത്ത ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുമെന്നും സർക്കാർ അറിയിച്ചു.
ഫെബ്രുവരി 8 വരെ തുർക്കിയിൽ നിന്നും സിറിയയിൽ നിന്നുമായി ഏകദേശം 16,000 ആളുകൾ കനേഡിയൻ വിസയ്ക്കായി അപേക്ഷിച്ചിരുന്നതായി സർക്കാർ അറിയിച്ചു. ഭൂചലനം ബാധിച്ച പ്രദേശത്ത് താമസിക്കുന്ന ഏകദേശം 1,700 അപേക്ഷകർ ഉൾപ്പെടെയാണിതെന്നും, സർക്കാർ വ്യക്തമാക്കി.