ഇന്ന് പുലർച്ചെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ ഒരു ചേരിയിൽ വൻതീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. സിയോളിലെ ഗങ്‌നം ജില്ലയിലെ ചേരിപ്രദേശമായ ഗുരിയോങ് വില്ലേജിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 60 വീടുകൾ നശിപ്പിക്കപ്പെട്ടു. കൂടാതെ 500 ഓളം ആളുകളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കത്തിനശിച്ച പല വീടുകളും കാർഡ്ബോർഡും മരവും കൊണ്ട് നിർമ്മിച്ചതാണെന്നും തീ അണയ്ക്കാൻ എമെർജൻസി ഡിപ്പാർട്ട്മെന്റ് അഞ്ച് മണിക്കൂർ എടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പത്ത് ഹെലികോപ്റ്ററുകളും നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സൈനികരും തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കെടുത്തു.
2014-ൽ ചേരിയിൽ ഉണ്ടായ ഒരു വലിയ തീപിടിത്തത്തെത്തുടർന്ന് പുനർവികസനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പദ്ധതികൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ ഭൂവുടമകളും താമസക്കാരും അധികാരികളും തമ്മിലുള്ള പതിറ്റാണ്ടുകൾ പ്രശ്നങ്ങളെ തുടർന്ന് ആ ശ്രമങ്ങൾക്ക് കാര്യമായ പുരോഗതിയുണ്ടായില്ല.