വോഗനിലെ പ്ലാസ പാർക്കിംഗ് ലോട്ടിൽ കൗമാരക്കാരിക്ക് കുത്തേറ്റതിനെ തുടർന്ന് 13 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരെ കേസ്. ശനിയാഴ്ച എട്ടുമണിക്ക് റഥർഫോർഡ് റോഡ് ഈസ്റ്റിനും ഹൈവേ 400 നും സമീപമുള്ള പ്ലാസയിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലേക്ക് കൗമാര സംഘത്തിന്റെ ശല്യം കാരണം പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഫോൺ വന്നതിന് കുറച്ച് മിനിറ്റുകൾക്ക് ശേഷം, പാർക്കിംഗ് സ്ഥലത്ത് വഴക്കുണ്ടായതായും 13 വയസ്സുള്ള പെൺകുട്ടിക്ക് കുത്തേറ്റതായും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഒരു പെൺക്കുട്ടിയെ ഒന്നിലധികം പരിക്കുകളോടെ കണ്ടതായും സംശയം തോന്നിയ രണ്ട് പെൺകുട്ടികളെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്നും അക്രമിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ പെൺക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിച്ച്‌മണ്ട് ഹില്ലിൽ നിന്നും, വോണിൽ നിന്നുമുള്ള രണ്ട് 13 വയസ്സുള്ള പെൺകുട്ടികൾ കസ്റ്റഡിയിലാണ്. പ്രതികൾക്കെതിരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്. യൂത്ത്ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം പ്രതികളുടെ മറ്റ് വിവരങ്ങൾ വെളുപ്പെടുത്തിയിട്ടില്ല. പ്രതികളിലൊരാളെ ജാമ്യത്തിൽ വിട്ടു. മറ്റയാൾ ഒക്ടോബർ 19 ന് കോടതിയിൽ ഹാജരാകണം.
സംഭവം നടന്ന പ്രദേശത്ത് ധാരാളം കടകളും റെസ്റ്റോറന്റുകളും ഉണ്ട്. അതിനാൽ തന്നെ അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന നിരവധി സാക്ഷികൾ ആ സമയത്ത് ഉണ്ടായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരും സംഭവത്തിന് ദൃക്‌സാക്ഷികളായവരും പോലീസുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡാഷ്‌ക്യാമോ, സെല്ലോ സെക്യൂരിറ്റി വീഡിയോയോ ഉൾപ്പെടെ ആ സമയത്ത് പ്രദേശത്ത് നിന്ന് വീഡിയോ റെക്കോർഡിംഗുകളുള്ള ആരോടും 1-866-876-5423 എന്ന നമ്പറിൽ വിളിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ യോർക്ക് റീജിയണൽ പോലീസ് ആവശ്യപ്പെടുന്നു. വിവരങ്ങൾ ക്രൈം സ്റ്റോപ്പർമാരെ 1-800-222-TIPS എന്ന വിലാസത്തിലോ ഓൺലൈനായോ www.1800222tips.com എന്ന വിലാസത്തിൽ ബന്ധപ്പെട്ടോ നൽകാം.