അഖില സുരേഷ്
തെലുങ്കില്‍ ഏറെ ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രം തെലുങ്കിൽ വമ്പൻ ഹിറ്റാണ്. ചിത്രത്തിൽ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് ഹണി റോസ് ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.
ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്സാണ് ‘വീരസിംഹ റെഡ്ഡി’ നിര്‍മിച്ചിരിക്കുന്നത്.
വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകർഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയിൽ വൈറലായി. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.
ബാലകൃഷ്ണയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നുവെന്നുമായിരുന്നു ബാലയ്യ പറഞ്ഞത്.
ജനുവരി 12 ന് തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമാണ്. 12 മുതല്‍ 15 വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് 104 കോടിയാണ് ചിത്രം നേടിയതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
അതേസമയം ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അഖണ്ഡയാണ് ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം.