ദശലക്ഷക്കണക്കിന് റാപ്പിഡ് COVID-19 ആന്റിജൻ ടെസ്റ്റുകൾ കാലഹരണപ്പെടുന്നതിനാൽ പ്രൊവിൻസുകളിലേക്കും റ്റെറിറ്റോറികളിലേക്കുമുള്ള വിതരണം അവസാനിപ്പിക്കാൻ ഒരുങ്ങി ഫെഡറൽ സർക്കാർ. നിലവിൽ ഫെഡറൽ ഇൻവെന്ററിയിൽ 90 ദശലക്ഷം റാപ്പിഡ് ടെസ്റ്റുകൾ ഉണ്ടെന്നും 80,000 എണ്ണം ആറുമാസത്തിനുള്ളിലും 6.5 മില്യൺ വർഷത്തിനുള്ളിലും കാലഹരണപ്പെടുമെന്നും ഹെൽത്ത് കാനഡ അറിയിച്ചു. ബാക്കിയുള്ളവ രണ്ട് വർഷത്തിനുള്ളിലും കലഹരണപ്പെടും.
പാൻഡെമിക്കിന്റെ തുടക്കം മുതൽ ഏകദേശം 5 ബില്യൺ ഡോളർ വിലയുള്ള 811 ദശലക്ഷത്തിലധികം റാപ്പിഡ് ടെസ്റ്റുകൾ ഫെഡറൽ ഇൻവെന്ററിയിൽ ഉണ്ടായിരുന്നതായും അവയിൽ 680 ദശലക്ഷവും പ്രൊവിൻസുകളിലേക്കും റ്റെറിറ്റോറികളിലേക്കും വിതരണം ചെയ്തുവെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി. നിലവിൽ ആവിശ്യത്തിന് സ്റ്റോക്ക് ഉള്ളതായി പ്രൊവിൻസുകളും റ്റെറിറ്റോറികളും വ്യക്തമാക്കിയതോടെയാണ് ജനുവരി അവസാനത്തോടെ വിതരണം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.
ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുന്ന നാല് ദശലക്ഷത്തിലധികം റാപ്പിഡ് ടെസ്റ്റുകൾ ഉൾപ്പെടെ 28 ദശലക്ഷം ടെസ്റ്റുകൾ ഉണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയ അധികൃതർ പറഞ്ഞു. ക്യൂബെക്കിൽ 63 ദശലക്ഷം, ആൽബർട്ടയിൽ 47.5 ദശലക്ഷം, സസ്കച്ചുവനിൽ 6.4 ദശലക്ഷം, മാനിറ്റോബയിൽ 11 ദശലക്ഷം, നോവാ സ്കോഷ്യയിൽ 8 ദശലക്ഷം, ന്യൂഫൗണ്ട്‌ലാൻഡിൽ 2.5 ദശലക്ഷം എന്നിങ്ങനെ വിവിധ പ്രവിശ്യകളിൽ റാപ്പിഡ് ടെസ്റ്റുകളുടെ സ്റ്റോക്ക് നിലവിൽ ഉണ്ട്.
ഹെൽത്ത് കാനഡ പല ബ്രാൻഡുകളുടെയും കാലഹരണ തീയതി നീട്ടിയതിനാൽ, തങ്ങളുടെ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ഇതുവരെ നശിപ്പിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രവിശ്യകൾ പറയുന്നു. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ശേഷിക്കുന്ന സമയപരിധി ബ്രാൻഡിനെ ആശ്രയിച്ച് വ്യത്യാസപ്പെടും., എന്നാൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ സമയപരിധി ഹെൽത്ത് കാനഡ അനുവദിച്ചിട്ടുണ്ട്.