ടെക്സാസ് ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ കിഴക്കൻ കാനഡയിൽ ശക്തമായ ശീതകാല കൊടുങ്കാറ്റ് വീശുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ പ്രവചനം. രാവിലെ മുതൽ തെക്കൻ ഒന്റാരിയോയിൽ ഉടനീളം കാറ്റ് വീശുമെന്നും തെക്കുപടിഞ്ഞാറൻ ക്യുബക്കിൽ വൈകുന്നേരം മുതൽ ശക്തമായ ശീതകാല കൊടുങ്കാറ്റും കനത്ത മഞ്ഞുവീഴ്ച്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോൺട്രിയൽ പ്രദേശത്ത് 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ലാച്യൂട്ട്, സെന്റ്-ജെറോം, ലാനൗഡിയേർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. മോൺട്രിയലിന് തെക്ക്, യുഎസ് അതിർത്തിയിലേക്കും കിഴക്കൻ ടൗൺഷിപ്പുകളിലേക്കും ഉള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്.
ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുള്ള ക്യൂബെക് സിറ്റി മേഖലയിൽ കാറ്റ് കൂടുതൽ തീവ്രമായിരിക്കും. ആ പ്രദേശങ്ങളിൽ വിസിബിലിറ്റി കുറയുന്നത് അപകടകരമായ യാത്രാ സാഹചര്യങ്ങൾക്ക് കാരണമാകുമെന്നും എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി.
വൈകുന്നേരം മോൺട്രിയലിൽ മഞ്ഞുവീഴ്ച്ച ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ അത് തീവ്രമാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെ മോൺട്രിയലിൽ ഏകദേശം 15 സെ.മീ. വരെ മഞ്ഞുവീഴ്ച്ച ഉണ്ടാകും. നാളെ രാവിലെയും മഞ്ഞുവീഴ്‌ച തുടരും. നാളെ പകൽ സമയത്ത് അഞ്ച് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞു വീഴാം.