രാജ്യത്തുടനീളം പടർന്നു പിടിച്ച കാട്ടുതീ രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായവയാണെന്നും അടുത്ത കുറച്ച് മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്നനിലയിൽ തീപിടിത്തങ്ങൾ തുടരാനുള്ള സാധ്യത നിലവിലെ പ്രവചനം സൂചിപ്പിക്കുന്നുവെന്നും ഫെഡറൽ എമർജൻസി പ്രീപെറഡ്നസ് മിനിസ്റ്റർ ബിൽ ബ്ലെയർ റിപ്പോർട്ട് ചെയ്തു.
2,400 ചതുരശ്ര കിലോമീറ്ററിലധികം വലിപ്പത്തിൽ വളർന്ന ഡോണി ക്രീക്ക് കാട്ടുതീ ഇപ്പോൾ പ്രവിശ്യാ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കാട്ടുതീയാണെന്ന് ബ്രിട്ടീഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസ് പറയുന്നു. അതേസമയം നോവാ സ്കോഷ്യയിലെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണെന്ന് ബിൽ ബ്ലെയറും മറ്റ് ആറ് ഫെഡറൽ കാബിനറ്റ് മന്ത്രിമാരും അറിയിച്ചു. തിങ്കളാഴ്ച ഉച്ചവരെ കാനഡയിലുടനീളം 424 തീപിടുത്തങ്ങൾ ഉണ്ടായി, അതിൽ 250-ലധികം എണ്ണം നിയന്ത്രണാതീതമായി കണക്കാക്കപ്പെടുന്നുവെന്നും മന്ത്രിമാർ റിപ്പോർട്ട് ചെയ്തു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും അപകടസാധ്യത ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും ബിൽ ബ്ലെയർ പറഞ്ഞു.

പ്രവിശ്യയിലെ ചില പ്രദേശങ്ങളിലും ക്യൂബെക്കിലും പടർന്നു പിടിച്ച കാട്ടുതീയുടെ ഫലമായി ഉയർന്ന തോതിലുള്ള വായു മലിനീകരണം കാരണം തെക്കൻ ഒന്റാരിയോയിലെ വിവിധ സ്ഥലങ്ങളിൽ സ്പെഷ്യൽ എയർ ക്വാളിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.