ഒട്ടാവ : ഈ വർഷത്തെ പ്രൈഡ് ഇവന്റുകളിൽ അടക്കമുള്ള പ്രോഗ്രാമുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പ്രൈഡ് ഓർഗനൈസേഷനുകൾക്ക് 1.5 മില്യൺ ഡോളർ നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. വർദ്ധിച്ച സുരക്ഷയും സുരക്ഷാ ചെലവുകളും നികത്താൻ സഹായിക്കുന്നതിന് കനേഡിയൻ പ്രൈഡ് സംഘടനകളുടെ ദേശീയ അസോസിയേഷൻ ഫിയർട്ട് കാനഡ പ്രൈഡ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വുമൺ ആൻഡ് ജൻഡർ ഇക്വാലിറ്റി മിനിസ്റ്റർ മാർസി ഇയൻ ധനസഹായം പ്രഖ്യാപിച്ചത്.
വാഹനത്തിന്റെയും ജനക്കൂട്ടത്തിന്റെയും നിയന്ത്രണം, ബാരിക്കേഡും ഫെൻസിംഗും ഒരുക്കുക, മുനിസിപ്പൽ അടിയന്തര സേവന ചെലവുകൾ, പെയ്ഡ് ഡ്യൂട്ടി പോലീസ് അല്ലെങ്കിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക, ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഫണ്ട് വിനിയോഗിക്കും.
ഇവന്റുകളിലും ഓൺലൈനിലും കമ്മ്യൂണിറ്റി നേതാക്കൾ, ഇവന്റ് സംഘാടകർ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, വേദികൾ, കലാകാരന്മാർ, പ്രകടനം നടത്തുന്നവർ, കുടുംബങ്ങൾ, യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി ഫിയർട്ട് കാനഡ പ്രൈഡ് റിപ്പോർട്ട് ചെയ്തിരുന്നു.
മോൺട്രിയൽ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ നടക്കുന്ന വലിയ പ്രൈഡ് ഇവന്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിന് 750,000 ഡോളർ നൽകും. കൂടാതെ 600,000 ഡോളർ കാൾഗറി, ഒട്ടാവ, ഹാലിഫാക്സ് തുടങ്ങിയ നഗരങ്ങളിലെ പ്രൈഡ് ഇവന്റുകൾക്കുമായി വിഭജിച്ച് നൽകും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, കാനഡയിലുടനീളമുള്ള ഡ്രാഗ് ബ്രഞ്ച്, ഡ്രാഗ് സ്റ്റോറി-ടൈം ഇവന്റുകൾ എന്നിവയിലെ പ്രതിഷേധങ്ങൾ പങ്കെടുക്കുന്നവരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായതായി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം മറ്റ് ഇവന്റുകൾ അക്രമാസക്തമായ സുരക്ഷാ ആശങ്കകൾ കാരണം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു.
2019 നും 2021 നും ഇടയിൽ വ്യക്തികളെ ലക്ഷ്യമിടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ 64 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു.