ഒരു വർഷം മുമ്പ് എൽനാസ് ഹജ്താമിരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബ്രാംപ്ടൺ സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. ക്രിസ്റ്റൽ പി ലോറൻസ് (30) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മൂന്ന് പ്രതികളുടെ ഫോട്ടോകൾ പോലീസ് പുറത്തുവിട്ട് കൃത്യം ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്.
തട്ടിക്കൊണ്ടുപോകുന്നതിന് ആഴ്ചകൾക്ക് മുമ്പ്, റിച്ച്മണ്ട് ഹില്ലിലെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സ്ഥലത്ത് വെച്ച് എൽനാസ് ഹജ്താമിരി ആക്രമിക്കപ്പെട്ടിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ ഹജ്താമിരിയുടെ നെറ്റിയിൽ ഏകദേശം 40 തുന്നലുകൾ വേണ്ടിവന്നതായി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഹജ്താമിരിയുടെ മുൻ കാമുകൻ മുഹമ്മദ് ലിലോയും മറ്റ് നാല് പേരും ആ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിരുന്നു. കൂടാതെ ഹജ്താമിരിയുടെ തിരോധാനത്തിന് പിന്നാലെ തട്ടിക്കൊണ്ടുപോയ കുറ്റവും ലിലോയ്‌ക്കെതിരെ ചുമത്തി.

വസാഗ ബീച്ചിൽ നിന്നും ഒരു വർഷം മുമ്പ് പോലീസ് വേഷം ധരിച്ചെത്തിയ മൂന്ന് പേർ വെളുത്ത ലെക്സസ് എസ്‌യുവിയിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിനുശേഷം എൽനാസ് ഹജ്താമിരി ഇതുവരെ ആരും കണ്ടിട്ടില്ല.
അതേസമയം ഹജ്താമിരിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ജനുവരിയിൽ ഹജ്താമിരിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 100,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-888-310-1122 എന്ന നമ്പറിലോ 1-833-728-3415 എന്ന നമ്പരിലോ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടു.