വടക്കുകിഴക്കൻ ഒന്റാരിയോയിലും ക്യൂബെക്കിലും പടർന്നു പിടിച്ച കാട്ടുതീയുടെ ഫലമായി ടൊറന്റോ നഗരത്തിൽ വ്യാപിച്ച പുക നീങ്ങിയതോടെ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന സ്‌പെഷ്യൽ എയർ ക്വാളിറ്റി മുന്നറിയിപ്പ് പിൻവലിച്ചതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. എയർ ക്വാളിറ്റി ഇൻഡക്സ് റേറ്റ് ലെവൽ 2-ൽ എത്തിയതോടെയാണ് മുന്നറിയിപ്പ് പിൻവലിക്കുന്നതെന്ന് ഫെഡറൽ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
ബുധനാഴ്ച നഗരത്തിലെ വായുവിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുള്ള ലെവൽ 7-ൽ എത്തിയിരുന്നു. ഇതോടെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ നിരവധി സ്കൂൾ ബോർഡുകൾ ഔട്ട്ഡോർ ആക്ടിവിറ്റികൾ റദ്ദാക്കിയിരുന്നു. കൂടാതെ പ്രവിശ്യയിലുടനീളമുള്ള നിരവധി മുനിസിപ്പാലിറ്റികൾ അഗ്നി നിരോധനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അവയിൽ ചിലത് പ്രാബല്യത്തിൽ തുടരുന്നുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ അടക്കം കാട്ടുതീ പുക അടങ്ങിയ വായു ശ്വസിക്കുന്നത് കുറയ്ക്കുന്നതിന് പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.
കാട്ടുതീ പുക നഗരത്തിൽ ഉടനീളം പടർന്നതോടെ ടൊറന്റോയിലെ വായു നിലവാരം ലോക വായു ഗുണനിലവാര സൂചികയിൽ ലോകത്തിലെ ഏറ്റവും മോശം രണ്ടാമത്തെതായി രേഖപ്പെടുത്തപ്പെട്ടിരുന്നു.

ടൊറന്റോയിൽ സ്പെഷ്യൽ എയർ ക്വാളിറ്റി മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും വടക്കുകിഴക്കൻ ഒന്റാരിയോയിലും ക്യൂബെക്കിലും നിരവധി കാട്ടുതീകൾ സജീവമായി തുടരുന്നുണ്ട്. യഥാക്രമം 50 ഉം 140 ഉം കാട്ടുതീകൾ നിയന്ത്രണാതീതമായി നിലനിൽക്കുന്നതായി ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
പുക നീങ്ങിയതോടെ, ഇന്ന് ടൊറന്റോയിൽ പകൽ മുഴുവൻ ഇടവിട്ടുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. നാളെ നഗരത്തിലെ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും എൻവയോൺമെന്റ് കാനഡ റിപ്പോർട്ട് ചെയ്തു.