പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ താന്‍ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് 130,000 ഡോളര്‍ നല്‍കിയെന്ന കേസിലാണ് മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്.
തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നത്. അതേസമയം, എന്തിന്റെ പേരിലാണ് അറസ്റ്റ് എന്ന് അദ്ദേഹം പറയുന്നില്ല. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്നും അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു.
ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ നടപടികള്‍ തുടങ്ങിയതായാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ തിരക്കിട്ട ചര്‍ച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.