കരിങ്കടലിന് മുകളില്‍വെച്ച് റഷ്യന്‍ വിമാനവും അമേരിക്കന്‍ ഡ്രോണും തമ്മില്‍ കൂട്ടിയിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഎസ് സൈന്യം. റഷ്യയുടെ എസ്യു27 എന്ന യുദ്ധവിമാനവും അമേരിക്കന്‍ ഡ്രോണായ എംക്യു9 ഉം തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ യുദ്ധവിമാനം അമേരിക്കന്‍ ഡ്രോണില്‍ ഇന്ധനം ഒഴിച്ചതിനെ തുടര്‍ന്ന് കൂട്ടിയിടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് യുഎസ് സൈന്യം ആരോപിച്ചു. അതേസമയം റഷ്യ ഈ ആരോപണത്തെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.
യുഎസ് യൂറോപ്യന്‍ കമാന്‍ഡ് പുറത്തുവിട്ട 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഡീക്ലാസിഫൈഡ് ഫൂട്ടേജില്‍, Su-27 യുദ്ധവിമാനം MQ-9 ഡ്രോണിന്റെ പിന്നിലേക്ക് അടുക്കുന്നതും അതിനടുത്ത് ഇന്ധനം വലിച്ചെറിയുന്നതും കാണാം. ഡ്രോണിന്റെ കേടായ പ്രൊപ്പല്ലറിന്റെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
റഷ്യന്‍ നാവിക സേനയെ നിരീക്ഷിക്കുന്നതിനായി കരിങ്കടലിന് മുകളില്‍ അമേരിക്ക ഉപയോഗിക്കുന്ന ഡ്രോണാണ് എംക്യു-9. എയര്‍-ടു-ഗ്രൗണ്ട് ഹെല്‍ഫയര്‍ മിസൈലുകളും ലേസര്‍ ഗൈഡഡ് ബോംബുകളും ഉപയോഗിച്ച് 1,700 മീറ്റര്‍ വരെ ഉയരത്തില്‍ 15,000 കിലോമീറ്ററിലധികം പറക്കാന്‍ എംക്യു-9ന് കഴിയും.
കൂട്ടിയിടിക്ക് മുന്‍പ് റഷ്യ എംക്യു-9 നെ നിരീക്ഷിക്കുകയും നിരവധി തവണ സുഖോയ് -27 വിമാനങ്ങള്‍ ഇന്ധനം കത്തിച്ചുകളയുകയും ചെയ്തു. ശേഷം, എംക്യു -9 ന് മുന്നിലൂടെ അലക്ഷ്യമായി പറന്നു. പിന്നീട് റഷ്യന്‍ യുദ്ധവിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറില്‍ ഇടിച്ച് തകരുകയായിരുന്നു. ഇത് സുരക്ഷിതമല്ലാത്ത നടപടിയാണെന്ന് അമേരിക്ക ആരോപിച്ചു. റഷ്യന്‍ വിമാനങ്ങള്‍ അര മണിക്കൂറിലധികം ഡ്രോണിന് സമീപമുണ്ടായിരുന്നതായി യുഎസ് പറയുന്നു.