അഖില സുരേഷ്
എൺപതുകളിൽ യുവാക്കളുടെ ഹരമായിരുന്ന താരമാണ് റഹ്‌മാൻ. കാലങ്ങള്‍ക്കിപ്പുറം മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം റഹ്‌മാൻ നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ രസകരമായ തന്റെ ജീവിതാനുഭവങ്ങളെപ്പറ്റിയും സിനിമാ ജീവിതത്തെപ്പറ്റിയും ഒപ്പം സുഹൃത്ത് വിക്രമിനെ പറ്റിയും മനസുതുറന്നിരിക്കുകയാണ് റഹ്‌മാൻ. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
വിക്രമിനെക്കുറിച്ച് റഹ്‌മാന്റെ വാക്കുകൾ ഇങ്ങനെയാണ്… ‘ചിയാന്‍ വിക്രം എനിക്ക് കെന്നിയാണ്. തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയ കൂട്ടാണ്. വിക്രം സിനിമയില്‍ വരുമെന്ന് അന്ന് എനിക്കു തോന്നിയിട്ടില്ല. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യ പിണക്കമുണ്ടായിരുന്നു. അന്നു വീടുവിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ട് കെന്നിയുമായി എന്നു പറയുകയാണ് റഹ്‌മാൻ.
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും റഹ്‌മാൻ മനസു തുറന്നു. ശോഭനയുമായി ഡേറ്റിങ്ങിലാണ്. രോഹിണിക്കൊപ്പം ഡേറ്റിങ്ങിന് പോകുന്നു. എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ട്. ആരോട് മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു പറഞ്ഞിരുന്നതെന്നാണ് റഹ്‌മാന്‍ പറയുന്നത്. ആദ്യമൊക്കെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപെടുമായിരുന്നു. പിന്നീട് അതു ശീലമായി. ജോലിയുടെ ഭാഗമാണെല്ലോ. ഇപ്പോള്‍ ഭാര്യയോടു പറയും ‘ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോ’ എന്ന്. ‘അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെ’ന്ന് അവള്‍ മറുപടി പറയും. ഗോസിപ്പുകള്‍ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടമാണല്ലോ. എന്റെ കള്‍ച്ചര്‍ അനുസരിച്ചു ഞാന്‍ കുറച്ച് ഓപ്പണായിരുന്നു. വളര്‍ന്നതും, പഠിച്ച രീതിയും അങ്ങിനെയായിരുന്നു. സിനിമയില്‍ ശോഭനയും, രോഹിണിയുമൊക്കെ സമപ്രായക്കാരായിരുന്നു. അന്നു സെറ്റില്‍ ഉപയോഗിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ തരും. ഞാന്‍ ഇവരെയും കൂട്ടി ഐസ്‌ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു. അങ്ങനെയൊക്കെ സിനിമയില്‍ അല്ലാതെ പബ്ലിക്കായിട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഗോസിപ്പുകളാണ് അതൊക്കെ എന്നാണ് റഹ്‌മാന്‍ പറയുന്നത്.
എനിക്ക് ഒളിക്കാന്‍ അധികമൊന്നും ഇല്ല. എനിക്കുണ്ടായിരുന്ന ആ ഒരു ഇഷ്ടം വരെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും റഹ്‌മാന്‍ തുറന്നു പറയുന്നുണ്ട്. എല്ലാവരും ചര്‍ച്ചചെയ്തിട്ടുള്ള കാര്യവുമായിരുന്നു. സാധാരണ മനുഷ്യനാണ് ഞാനും. വികാരങ്ങള്‍ എല്ലാവരെയും പോലെ എനിക്കും ഉണ്ടെന്നും താരം പറയുന്നു. ഞാന്‍ പുസ്തകം എഴുതുമെങ്കില്‍ അതിലും സത്യങ്ങളല്ലേ എഴുതാനാകൂവെന്നും എന്നാല്‍ നിലവില്‍ പുസ്തകത്തിന് പ്ലാന്‍ ഇല്ലെന്നും പേടിയാണെന്നും റഹ്‌മാൻ പറയുന്നു.