കനത്ത മഞ്ഞുവീഴ്ചയും കാറ്റും ഈ വാരാന്ത്യത്തിൽ തെക്കൻ ഒന്റാരിയോയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും വിസിബിലിറ്റി പൂജ്യത്തിനടുത്ത് എത്തുമെന്ന് മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). തെക്കൻ ഒന്റാരിയോയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുടെ മുന്നറിയിപ്പുകളും പ്രത്യേക കാലാവസ്ഥാ അറിയിപ്പുകളും നൽകിയിട്ടുണ്ട്.
കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം യാത്ര അപകടകരമാക്കും. അതിനാൽ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ECCCനിർദ്ദേശിച്ചു.
ബാരി, ഓവൻ സൗണ്ട്, ടോബർമോറി, പോയിന്റ് ക്ലാർക്ക് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഉച്ചമുതൽ ആരംഭിച്ച മഞ്ഞുവീഴ്ച്ച വൈകുന്നേരത്തോടെ കൂടുതൽ തീവ്രമാവുകയും നാളെ രാവിലെ വരെ തുടരുകയും ചെയ്യും, ഫെഡറൽ ഏജൻസി പറഞ്ഞു.

ശക്തമായ കാറ്റ് വ്യാപകമായ മഞ്ഞുവീഴ്ചയ്ക്കും ഇടയാക്കുമെന്നും കാലാവസ്ഥാ ഏജൻസി കൂട്ടിച്ചേർത്തു. ലണ്ടൻ മുതൽ ഒട്ടാവ, നോർത്ത് ബേ വരെ തെക്കൻ ഒന്റാറിയോയുടെ ബാക്കി ഭാഗങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ടൊറന്റോ ഏരിയയിൽ ഇന്ന് രാവിലെ മുതൽ മഞ്ഞുവീഴ്ച്ച ആരംഭിച്ചിട്ടുണ്ടെന്നും ശക്തമായ കാറ്റിനൊപ്പം മഞ്ഞും ചേർന്ന് ചില സമയങ്ങളിൽ വിസിബിലിറ്റി പെട്ടെന്ന് പൂജ്യത്തിനടുത്തായി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.