റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വമിക്കെതിരെ ആരോുപണങ്ങളുമായി മുൻ ജീവനക്കാർ. വിവേകിനെ ഒരു ന്യൂറോട്ടിക്, മെർക്കുറിയൽ, പാരാനോയിഡ് ലീഡർ എന്ന് മുൻ ജീവനക്കാർ വിശേഷിപ്പിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സംരംഭങ്ങളായ റോവന്റ് സയൻസസ്, സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് എന്നിവയിലെ മുൻ ജീവനക്കാരാണ് ആരോപണമുയർത്തിയത്.
ഈയിടെ നടന്ന റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിൽ വിവേക് രാമസ്വാമിയുടെ ആത്മവിശ്വാസവും ആകർഷകത്വവും ധീരവുമായ പെരുമാറ്റം അദ്ദേഹത്തെ വോട്ടർമാർക്ക് പ്രിയങ്കരനാക്കി മാറ്റിയിരുന്നു. സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാത്ത യോഗ്യനായ ഒരു സംരംഭകനായാണ് എല്ലാവരും അദ്ദേഹത്തെെ ഉറ്റുനോക്കിയത്. എന്നാൽ, വിവേകുമായി അടുത്ത് പ്രവർത്തിച്ച ഏഴ് വ്യക്തികൾ അവകാശപ്പെടുന്നത് എല്ലാവരെയും സംശയത്തോടെ നോക്കുന്ന, വളരെ പെട്ടെന്ന് ഭാവ വിത്യസങ്ങൾ വരുന്നയാളാണ് അദ്ദേഹമെന്നാണ്.

എല്ലാവരും തന്നെ സേവിച്ചുക്കൊണ്ടിരിക്കണമെന്നും, തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള അസാധാരണ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ഒരു ലിസ്റ്റുമായി അദ്ദേഹം തന്റെ സ്റ്റാഫിൽ നിന്ന് വൈറ്റ്-ഗ്ലൗസ് സേവനം ആവശ്യപ്പെട്ടിരുന്നതായും ഒരു മുൻജീവനക്കാരൻ പറയുന്നു. യാത്രാവേളയിൽ, ഒന്നിലധികം ബാക്കപ്പ് ഫ്ലൈറ്റുകളും ഹോട്ടൽ മുറികളും അദ്ദേഹം ബുക്ക് ചെയ്യും. ഉച്ചഭക്ഷണത്തിന് ഓർഡർ ചെയ്യുമ്പോൾ പോലും, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഭക്ഷണം നാപ്കിൻ ഉപയോഗിച്ചാണ് വിളമ്പുന്നത്. എല്ലാ ദിവസവും രാവിലെ തന്റെ മേശപ്പുറത്ത് കോട്ടേജ് ചീസ് വിളമ്പണമെന്ന അദ്ദേഹത്തിന്റെ നിർബന്ധവും വിചിത്രമായിരുന്നെന്ന് മുൻ ജീവനക്കാരൻ കൂട്ടിച്ചേർത്തു.