കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ, ഭാവിയില്‍ കൂടുതല്‍ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനിടെ വാക്‌സിനുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനം.
ചൈനീസ് നഗരമായ വുഹാനില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് നാല് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രണ്ടാമത്തെ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് ടെഡ്രോസ് പറഞ്ഞു.
ലോകം ഇപ്പോള്‍ പകര്‍ച്ചവ്യാധിയുടെ കടുത്ത പ്രതിസന്ധിയിലല്ലെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നുണ്ടെങ്കിലും, വകഭേദം സംഭവിച്ച ബിഎ.2.86 പേലുള്ള ഒമിക്രോണ്‍ വകഭേദങ്ങള്‍ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ തെളിവുകളില്ലാതെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു