വടക്കൻ ആൽബർട്ട മുതൽ അറ്റ്ലാന്റിക് വരെ രാജ്യത്തുടനീളമുള്ള പല പ്രദേശങ്ങളിലും വ്യാപിച്ച കാട്ടുതീ പുക വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നതായി റിപ്പോർട്ട്. കാട്ടുതീ പുക വായുവിന്റെ ഗുണനിലവാരത്തിനും ചില സമയങ്ങളിൽ വിസിബിലിറ്റി കുറയുന്നതിനും കാരണമാകുന്നതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു.
കാട്ടുതീ പുക കാരണം വായുവിന്റെ ഗുണനിലവാരവും വിസിബിലിറ്റി കുറയുന്നതും ചില സ്ഥലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം, ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു. കുറഞ്ഞ സാന്ദ്രതയിൽ പോലും കാട്ടുതീ പുക എല്ലാവരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
ആൽബർട്ട
ആൽബർട്ടയിൽ, കാട്ടുതീ ഒരു പരിധിവരെ നിയന്ത്രണവിധേയമായതോടെ പ്രവിശ്യാ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പ്രവിശ്യ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വടക്കൻ ആൽബർട്ടയിലെ ചില പ്രദേശങ്ങളിൽ അടക്കം പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പുകൾ നൽകിയതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു.
ശനിയാഴ്ച വരെ, ആൽബർട്ടയിൽ കാട്ടുതീയെ തുടർന്ന് ഇതിനകം ഒരു ദശലക്ഷത്തിലധികം ഹെക്ടറിൽ കത്തി നശിച്ചിട്ടുണ്ട്. കൂടാതെ ഫോർട്ട് ചിപെവ്യൻ പ്രദേശത്തെ നിരവധി ഫസ്റ്റ് നേഷൻസ് ഉൾപ്പെടെയുള്ള ആളുകളെ ഇന്നലെ ഒഴിപ്പിച്ചിരുന്നു. ഫോർട്ട് ചിപ്‌വിയാനിലെ വായു മലിനീകരണം മൂലം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഉയർന്ന അപകടസാധ്യതയാണ് സംയുക്ത പ്രവിശ്യ-ഫെഡറൽ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്‌സ് പ്രവചിക്കുന്നത്.
ലോക വായു ഗുണനിലവാര സൂചിക അനുസരിച്ച്, വടക്കുപടിഞ്ഞാറൻ ആൽബർട്ടയിലെ മെൻഡർ റിവറിലെ വായുവിന്റെ ഗുണനിലവാരം തിങ്കളാഴ്ച വരെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയേക്കാൾ മോശമാണ്.
നോവാ സ്കോഷ്യ
ഹാലിഫാക്‌സ് മേഖലയിലെ കാട്ടുതീ 100 ശതമാനവും നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തം കാരണം 16,000-ത്തോളം ആളുകൾ വീടുവിട്ട് പലായനം ചെയ്തു.
നഗരത്തിലെ വായു ഗുണനിലവാര സൂചിക മൂല്യം അടുത്ത രണ്ട് ദിവസത്തേക്ക് കുറവായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അതിനിടെ, പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നോവ സ്കോട്ടിയയിലെ ഷെൽബേൺ കൗണ്ടിയിൽ വാരാന്ത്യത്തിൽ കനത്ത മഴ പെയ്തത് കാട്ടുതീ നിയന്ത്രിക്കാൻ സഹായിച്ചു.
പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണ് ബാരിംഗ്ടൺ ലേക്കിൽ ഉണ്ടായത്. ഞായറാഴ്ച രാത്രി വരെ 24,000 ഹെക്ടറിലധികം തീ വ്യാപിച്ചു. ബാരിംഗ്ടൺ ലേക്കിലെ തീപിടുത്തത്തെത്തുടർന്ന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പ്രത്യേക വായു ഗുണനിലവാര പ്രസ്താവനകൾ പ്രാബല്യത്തിൽ ഉണ്ട്.
ക്യൂബെക്ക്
പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളിൽ കാട്ടുതീ കാരണം വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇത് കൂടാതെ ഗ്രേറ്റർ മോൺട്രിയൽ പ്രദേശം ഉൾപ്പെടെ ക്യൂബെക്കിന്റെ ചില ഭാഗങ്ങളിൽ പുകമഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു.
“ക്യൂബെക്കിലെ കാട്ടുതീയിൽ നിന്നുള്ള സൂക്ഷ്മകണികകളുടെ ഉയർന്ന സാന്ദ്രത ഇന്ന് പല പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നു,” എൻവയോൺമെന്റ് കാനഡ പറയുന്നു.
ഞായറാഴ്ച വരെ കത്തിപ്പടരുന്ന കാട്ടുതീയുടെ എണ്ണം 156 ആയി ഉയർന്നതോടെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മോൺട്രിയലിനായുള്ള എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്‌സ് മൂല്യം തിങ്കളാഴ്‌ച ഉയർന്നതായി ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഒന്റാരിയോ
തെക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കൻ ഒന്റാരിയോ എന്നിവിടങ്ങളിൽ, ക്യൂബെക്കിൽ നിന്നുള്ള കാട്ടുതീയും മറ്റ് പ്രാദേശിക തീപിടുത്തങ്ങളും കാരണം വായു ഗുണനിലവാര മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. 50 ഹെക്ടറോളം കാട്ടുതീ പടർന്നതിനെത്തുടർന്ന്, ഒട്ടാവയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സെന്റിനിയൽ ലേക്കിന് ചുറ്റുമുള്ളവരോട് വീടുകൾ ഒഴിയാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ടൊറന്റോയുടെ വടക്കുകിഴക്കൻ പീറ്റർബറോ നഗരത്തിലെ വായു മലിനീകരണം ബീജിംഗിനെക്കാൾ മോശമാണെന്ന് ലോക വായു ഗുണനിലവാര സൂചിക കാണിക്കുന്നു.