ശക്തമായ ശീതകാല കൊടുങ്കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂബ്രൗൺസ്വിക്കിലും പ്രിൻസ് എഡ്വേർഡ് ഐലൻഡിലും ജാഗ്രത നിർദ്ദേശം നൽകി എൻവയോൺമെന്റ് കാനഡ. ന്യൂബ്രൗൺസ്വിക്കിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിലും ശീതകാല കൊടുങ്കാറ്റ് ബാധകമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. മോശം കാലാവസ്ഥ യാത്ര ദുഷ്കരമാക്കുമെന്നും സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കുന്നത് പരിഗണിക്കണമെന്നും ഇരു പ്രവിശ്യകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിൽ 20 മുതൽ 40 സെന്റീമീറ്റർ വരെയും മധ്യപ്രദേശങ്ങളിൽ 15 മുതൽ 25 സെന്റീമീറ്റർ വരെയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണിക്കൂറുകളോളം തണുത്തുറഞ്ഞ മഴയ്ക്കും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു.
പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പ്രിൻസ്, ക്വീൻസ് കൗണ്ടികളിലും 15 മുതൽ 20 സെന്റിമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ പ്രവചിക്കുന്നു. വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച്ച ഉച്ചകഴിഞ്ഞ് മഴയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
കോൺഫെഡറേഷൻ ബ്രിഡ്ജിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂബ്രൗൺസ്വിക്കിലെ ബേ ഓഫ് ഫണ്ടി തീരപ്രദേശത്ത് 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച ഉച്ച മുതൽ വൈകുന്നേരം വരെ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 130 കി.മീ വേഗതയിൽ എത്താൻ സാധ്യതയുള്ളതിനാൽ കേപ് ബ്രെട്ടണിലെ നോർത്തേൺ ഇൻവർനെസ് കൗണ്ടിയിൽ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ സമയത്ത് 50 മുതൽ 80 കി.മീ/മണിക്കൂർ വേഗതയിൽ സാമാന്യം വ്യാപകമായ തെക്കൻ ചുഴലിക്കാറ്റ് പ്രതീക്ഷിക്കാം. തീരപ്രദേശങ്ങളിലും ഉയർന്ന ഭൂപ്രദേശങ്ങളിലുമാണ് ശക്തമായ കാറ്റ് വീശുക.
നാളെ രാവിലെ മുതൽ ഉച്ചവരെ ഏറ്റവും മോശമായ കാലാവസ്ഥയായിരിക്കുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നു. നോവാ സ്കോഷ്യയയുടെയും പ്രിൻസ് എഡ്വേർഡ് ദ്വീപിന്റെയും ചില ഭാഗങ്ങളിൽ ശനിയാഴ്ച വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.