ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത, സിസ്റ്റർ ആന്ദ്രേ എന്നറിയപ്പെടുന്ന ലൂസൈൽ റാൻഡൻ (118) അന്തരിച്ചതായി വക്താവ് ഡേവിഡ് ടവെല്ല അറിയിച്ചു. ടൗലോണിലെ സെന്റ്-കാതറിൻ-ലേബർ നഴ്സിംഗ് ഹോമിൽ ഉറക്കത്തിനിടെയാണ് ലൂസൈൽ റാൻഡൻ മരിച്ചതെന്ന് ഡേവിഡ് ടവെല്ല പറഞ്ഞു.
1904 ഫെബ്രുവരി 11-ന് തെക്കൻ ഫ്രാൻസിലെ അലസിൽ മൂന്ന് സഹോദരന്മാരുടെ ഒരേയൊരു പെങ്ങളായി ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് സിസ്റ്റർ ആന്ദ്രേ ജനിച്ചത്. യൂറോപിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടായിരുന്നു കഴിഞ്ഞ വർഷം വരെ സിസ്റ്റർ ആന്ദ്രേ അറിയപ്പെട്ടിരുന്നത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ൻ തനാക്കയുടെ മരണത്തിന് പിന്നാലെ അവർ ലോകത്തെ തന്നെ പ്രായം കൂടിയ വ്യക്തിയായി മാറുകയായിരുന്നു.
26-ആം വയസ്സിൽ കത്തോലിക്കാ മതം സ്വീകരിച്ചു. തുടർന്ന് അവർ 41-ആം വയസ്സിൽ കന്യാസ്ത്രീകളുടെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓർഡറിൽ ചേർന്നു. സിസ്റ്റർ ആന്ദ്രേ എന്ന നാമം സ്വീകരിച്ച ലൂസൈൽ റാൻഡൻ വിച്ചിയിലെ ഒരു ആശുപത്രിയിൽ നിയമിക്കപ്പെട്ടു, അവിടെ അവർ 31 വർഷം ജോലി ചെയ്തു. ഇതിന് മുൻ അധ്യാപിക, ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. 1979 മുതൽ നഴ്സിങ് ഹോമുകളുടെ ഭാഗമായി പ്രവർത്തിച്ച് വരികായിരുന്നു.
ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഇപ്പോൾ 112 വയസ്സുള്ള മേരി-റോസ് ടെസിയർ ആയിരിക്കാനാണ് സാധ്യത. 1997ൽ തെക്കൻ ഫ്രാൻസിലെ ആർലെസിൽ 122-ാം വയസ്സിൽ അന്തരിച്ച ജീൻ കാൽമെന്റ്, ഏതൊരു മനുഷ്യനും എത്തിച്ചേരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.