ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് അമേരിക്കന്‍ സംസ്ഥാനമായ വ്യോമിങ്. യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. റപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഗര്‍ഭഛിദ്ര ഗുളികള്‍ നിരോധിക്കണമെന്ന പ്രചാരണം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരിക്കുകയാണ് വ്യോമിങ്.
ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന നിയമം സംസ്ഥാന ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്നും അത് വോട്ടര്‍മാര്‍ക്കിടയില്‍ അനുമതിക്കായി നല്‍കണമെന്നും ഗര്‍ഭഛിദ്ര ഗുളികകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ബില്ലില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍ മാര്‍ക്ക് ഗോഡന്‍ സാമാജികരോട് ആവശ്യപ്പെട്ടു.
‘വ്യോമിങ്ങിലെ ഗര്‍ഭഛിദ്ര പ്രശ്‌നം അവസാനിക്കണമെങ്കില്‍ ഗര്‍ഭഛിദ്ര നിരോധം കൊണ്ടുവരണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ജനങ്ങളുടെ അഭിപ്രായം തേടി നടപ്പാക്കുകയാണ് ഏറ്റവും ഉത്തമം’ -ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗര്‍ഭചിദ്ര നിരോധനം സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ഗര്‍ഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകളുടെ വിജയമായിരുന്നു. അതിനു പിന്നാലെയാണ് വ്യോമിങ് ഗുളികകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ടെക്‌സാസിലെ കോടതി ഗര്‍ഭഛിദ്ര നിരോധനം രാജ്യവ്യാപകമാക്കി നടപ്പാക്കുന്നതിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ദശകങ്ങളായി അമേരിക്കയില്‍ പ്രചാരത്തിലുള്ള ഗര്‍ഭഛിദ്ര ഗുളികയാണ് മിഫ്പ്രിസ്റ്റോണ്‍. ഇത്തരം ഗര്‍ഭഛിദ്ര ഗുളികകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും ടെക്‌സാസ് കോടതി ഉത്തരവിട്ടിരുന്നു. ഗുളികകള്‍ അയച്ചുകൊടുക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നുകൂടെ ടെക്‌സാസിലെ സാമാജികര്‍ ആവശ്യപ്പെട്ടിരുന്നു.
‘ജീവന്‍ വിശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനിക്കാത്തവരുള്‍പ്പെടെ എല്ലാ വ്യക്തികളോടും അന്തസ്സോടെയും സഹാനുഭൂതിയോടെയും പെരുമാറണം’ -വ്യോമിങ് ഗവര്‍ണര്‍ പറഞ്ഞു. 15 സംസ്ഥാനങ്ങള്‍ ഇതുവരെ ഗര്‍ഭഛിദ്ര ഗുളികകളുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കരുതെന്നാണ് നിയന്ത്രണം