50 വർഷം മുമ്പാണ് ഡെനിസ് ഗിൽബെർട്ട് ക്യുബക് സിറ്റിയിലെ വീടിന് മുന്നിലുള്ള ഒഴിഞ്ഞ തരിശ് നിലത്ത് പൂന്തോട്ടപരിപാലനം ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ഗിൽബർട്ടിന്‍റെ ആ പരിശ്രമത്തിലേക്ക് പിന്നീട് അയൽക്കാർ കൂടി പങ്കാളികളായതോടെ വലിയൊരു കമ്മ്യൂണിറ്റി ഗാർഡൻ സൃഷ്ടിക്കപ്പെട്ടു.
പൂന്തോട്ടത്തിനൊപ്പം രൂപീകരിക്കാൻ കഴിഞ്ഞ കമ്മ്യൂണിറ്റിയാണ് തന്‍റെ ഏറ്റവും വലിയ സമ്പാദ്യം എന്നു പറയുകയാണ് ഗിൽബർട്ട്. ജാർഡിൻ ഡു ചെമിൻ ഡു ഫൗലോൺ എന്ന് പിന്നീട് അറിയപ്പെട്ട ഈ ഭൂമിയിൽ ഇപ്പോൾ 20-ലധികം താമസക്കാർ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഫലഫൂയിഷ്ടമായ ആ മണ്ണിലെ വിളവെടുപ്പെല്ലാം നിലച്ചിരിക്കുകയാണ്. അടുത്തിടെ ഈ മണ്ണിൽ നടത്തിയ പഠനത്തിൽ ഭൂമി മലിനവും സുരക്ഷിതവുമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്മ്യൂണിറ്റി ഗാർഡൻ അടച്ചുപൂട്ടാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ.
“ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഈ സ്ഥലത്ത് വളരുന്ന പച്ചക്കറികൾ നന്നായി കഴുകിയില്ലെങ്കിൽ അവ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകും,” ക്യുബക് സിറ്റി വക്താവ് കരീൻ ഡെസ്ബിയൻസ് വ്യക്തമാക്കി. “2021 ലെ വേനൽക്കാലം മുതൽ, പൂന്തോട്ടം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് തോട്ടത്തിലെ ജീവനക്കാർക്ക് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും ഡെസ്ബിയൻസ് വ്യക്തമാക്കി. അതേസമയം 500 ലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള നിരവധി പൂന്തോട്ടങ്ങൾ നഗരത്തിൽ വേറെയുണ്ടെന്നും അതിനാൽ ഇവിടുത്തെ ജീവനക്കാർക്ക് മറ്റ് മാർഗങ്ങൾ മുന്നിലുണ്ടെന്നുമാണ് അധികൃതരുടെ പക്ഷം.

അംഗീകൃതമായതും നഗരത്തിന്‍റെ പിന്തുണയുള്ളതുമായ പൂന്തോട്ടങ്ങളാണ് മറ്റ് മുനിസിപ്പൽ ഗാർഡനുകൾ. സേവനങ്ങളും പ്രവേശനക്ഷമതയും ഉൾപ്പെടുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് അവ പ്രവർത്തിക്കുന്നത്. എന്നാൽ തങ്ങൾ പരിപാലിച്ച് പോന്ന കമ്യൂണിറ്റി ഗാർഡൻ സംരക്ഷിക്കാൻ അധികൃതർക്ക് നിവേദനം സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഗിൽബെർട്ടും അയൽക്കാരും.
ഇവർ പൂന്തോട്ടപരിപാലനം നടത്തിയിരുന്ന ഭൂമി യഥാർത്ഥത്തിൽ കനേഡിയൻ നാഷണൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്. എന്നിരുന്നാലും തങ്ങളുടെ പ്രിയപ്പെട്ട, ഹോംഗ്രോൺ കമ്മ്യൂണിറ്റി ഗാർഡനിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നില്ല ജീവനക്കാരിലാരും. കമ്മ്യൂണിറ്റി ഗാർഡൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 200-ലധികം ഒപ്പുകൾ ഇതുവരെ ശേഖരിച്ച് കഴിഞ്ഞു.